ഗൂഡല്ലൂർ ∙ കൊലയാളി കടുവയെ ഇന്നലെയും കണ്ടെത്താനായില്ല മുതുമല കടുവ സങ്കേതത്തിലെ നമ്പിക്കുന്ന് ഭാഗത്താണ് ഇന്നലെ തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം ബോസ്പുര ഭാഗത്ത് വനത്തിൽ കടുവയെ കണ്ടെത്തി മയക്കു വെടി വച്ചിരുന്നു. എന്നാൽ വെടിയേൽക്കാതെ കടുവ രക്ഷപ്പെട്ടു. ഇന്നലെ ഓടക്കൊല്ലിക്കടുത്ത് നമ്പികുന്നിൽ കടുവയെ കണ്ടെത്തിയതായി ലഭിച്ച വിവരത്തെ തുടർന്നാണു ദ്രുത കർമ സേന തിരച്ചിൽ നടത്തിയത്.
വൈകുന്നേരം വരെ നടത്തിയ തിരച്ചിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. 20 പേരടങ്ങിയ വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുതകർമ സേനയാണു വനത്തിൽ തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഓടക്കൊല്ലി ഭാഗത്ത് ഗോത്ര ജനത കടുവയെ കണ്ടിരുന്നു. വലിയ മുരൾച്ചയോടെയാണ് കടുവ നടന്നു വന്നതെന്ന് ഇവർ പറഞ്ഞു.
കടുവ വീണ്ടും മസിനഗുഡി ഭാഗത്തേക്കു തിരികെ പോയതായും സംശയിക്കുന്നുണ്ട്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശത്തുള്ളവർ വീടുകൾക്കു പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നും കടുവയെ പിടികൂടാനായി തിരച്ചിൽ നടത്തുമെന്ന് വനപാലകർ അറിയിച്ചു.