വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു എന്നത് വലിയ വിവാദങ്ങൾക്കു വഴിവച്ച പ്രഖ്യാപനമായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പക്ഷേ പിന്നീട് ഇരുവരും സിനിമയിൽ നിന്ന് പിൻവാങ്ങി. എന്നാൽ സിനിമയുമായി മുന്നോട്ടുപോകും എന്നു തന്നെയാണ് അണിയറ പ്രവർത്തകർ പറയുന്നത്. സിനിമ ഇറങ്ങുന്നതിനു മുൻപേ വാരിയംകുന്നനെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്.
കഴിഞ്ഞ പത്തു വർഷത്തോളമായി വാരിയംകുന്നനെക്കുറിച്ചുള്ള പഠനത്തിലായിരുന്നു റമീസും സംഘവും. ഇതുവരെ പുറത്തുവരാത്ത അദ്ദേഹത്തിന്റെ യഥാർത്ഥ ഫോട്ടോയും അപൂർവങ്ങളായ നിരവധി രേഖകളും ഇവരുടെ കൈവശമുണ്ടെന്നാണ് റമീസ് പറയുന്നത്. ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് പുസ്തകം തയാറാക്കുന്നത്. ‘സുല്ത്താന് വാരിയംകുന്നന്’എന്നാണ് പുസ്തകത്തിന്റെ പേര്. ഒക്ടോബർ 29 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും.
റമീസ് മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കഴിഞ്ഞ പത്ത് വർഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസർച്ച് ടീം. ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഞങ്ങൾക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടും.
എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു. അതുപോലെ ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമർശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താൻ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേർചിത്രങ്ങളാണ്.
ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാൽ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാൻ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങൾ പങ്കുവയ്ക്കുകയാണ്. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥഫോട്ടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.
ആ പുസ്തകം, ഈ വരുന്ന ഒക്ടോബർ 29 വെള്ളിയാഴ്ച 4 PMന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇൻഷാ അല്ലാഹ് എല്ലാവരുടെയും സഹകരണവും പ്രാർഥനയും പ്രതീക്ഷിക്കുന്നു.. (പുസ്തകത്തിന്റെ പ്രീബുക്കിംഗ് നാളെ മുതൽ ആരംഭിക്കും.)
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frameesmohamed.odakkal%2Fposts%2F6359763987429812&show_text=true&width=500