ആന വിരണ്ടു,

 പത്തനംതിട്ട ∙ വാര്യാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞത് സ്ഥലത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.  ഇടഞ്ഞ ആനയുടെ പുറത്ത് നിന്ന് പാപ്പാനെ താഴെയിറക്കാനായത് 6 മണിക്കൂറിന് ശേഷം. ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയാണ് ഇടഞ്ഞത്.

രണ്ടാം പാപ്പാനെ പുറത്തിരുത്തി ആറ് മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ മറ്റ് പാപ്പാന്മാരും വനംവകുപ്പിന്റെ ദ്രുതകർമ സേനയും ചേർന്ന് ക്യാപ്ച്വർ ബെൽറ്റിട്ടു തളച്ചു.വാര്യാപുരം പൂക്കോട് സ്വദേശിയായ മദന മോഹന്റെ പറമ്പിൽ തടിപിടിക്കാനായാണ് ആനയെ കൊണ്ടുവന്നത്. എന്നാൽ, തടി മാറ്റുന്ന ജോലികൾക്കിടയിൽ ആന പെട്ടെന്ന് വിരണ്ടോടുകയായിരുന്നു.

വീടിനു ചുറ്റും ഓടിയ ആന രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രനെ പുറത്തിരുത്തി അര കിലോമീറ്ററോളം ഓടി.  ഇതിനിടെ മദന മോഹന്റെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ തട്ടി മറിച്ച ശേഷം സമീപത്തെ റബർ മരങ്ങളും പിഴുതെറിഞ്ഞു. ഇതിനിടയിൽ ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു.  ഒന്നാം പാപ്പാൻ ജനവാസമില്ലാത്ത കുന്നിലേക്ക് ബുദ്ധിപൂർവ്വം ആനയെ ഓടിച്ച് കയറ്റിയതു കൊണ്ട് കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടായില്ല.

റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ വൈകുന്നേരം അഞ്ചരയോടെയാണ് തളച്ചത്. ആന വിരണ്ടതറിഞ്ഞ് ഒട്ടേറെ പേരാണ് സ്ഥലത്തേക്കെത്തിയത്. ആറന്മുള പൊലീസ് ഏറെ പണിപ്പെട്ടാണ് ജനത്തെ  നിയന്ത്രിച്ചത്.  നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഗോപകുമാർ, പത്തനംതിട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ, റാന്നി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.പി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.