കൊല്ലം :പണത്തോടുള്ള അത്യാർത്തിയാണ് ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുന്ന ക്രൂരമായ കൊലപാതകത്തിലേക്കു സൂരജിനെ നയിച്ചത്. ഭാര്യയുടെ ജീവൻ എടുത്ത ക്രിമിനൽ എന്നു പേരു വീണു എന്നു മാത്രമല്ല. പിഞ്ചു കുഞ്ഞിന് അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നതിനും സൂരജിന്റെ അത്യാർത്തി കാരണമായി. ഉത്രയെ കൊലപ്പെടുത്തുന്നതു വരെ ഒരു ക്രിമിനൽ കേസിലും പ്രതിയായിരുന്നില്ല സൂരജ്.
അർഹിക്കുന്നതിൽ കൂടുതൽ പണം ലഭിച്ചു തുടങ്ങിയപ്പോൾ ആർത്തിയായി. അത് അത്യാർത്തിയായി മാറിയപ്പോഴാണു കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത കൊലക്കേസിലെ പ്രതിയായി ജയിലിലേക്കു പോകേണ്ടി വന്നത്. ഉത്രയ്ക്കു നേരിയ ഭിന്നശേഷിയുണ്ടെന്നു വിവാഹത്തിനു മുൻപു തന്നെ വീട്ടുകാർ സൂരജിനെ അറിയിച്ചിരുന്നു. ഇതറിഞ്ഞിട്ടും ഉത്രയെ വിവാഹം കഴിക്കാൻ സമ്മതിച്ചതു സ്വത്ത് മോഹിച്ചായിരുന്നു എന്നു ഉത്രയുടെ കുടുംബം മനസ്സിലാക്കിയതു കൊലപാതകത്തിനു ശേഷമാണ്
അതുവരെ ഉത്രയുടെ വീട്ടുകാർ സൂരജിനെ അമിതമായി വിശ്വസിച്ചു. ആവശ്യപ്പെടുമ്പോഴെല്ലാം സാമ്പത്തികമായി സഹായിച്ചു. ഉത്രയെ ഒഴിവാക്കി സ്വത്ത് കവരാൻ ആയിരുന്നു സൂരജിന്റെ ശ്രമം. കുട്ടി ജനിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ, ആർക്കും സംശയം ഉണ്ടാകാത്ത വിധത്തിൽ കൊല നടത്തുകയായിരുന്നു
.ഉത്രയുടെ ചികിത്സയ്ക്കു ചെലവായ 10 ലക്ഷം രൂപയും ഉത്രയുടെ വീട്ടുകാരാണു നൽകിയത്. ലോക്കറിലുണ്ടായിരുന്ന സ്വർണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പൊലീസിനെ കുഴക്കുന്ന മറുപടിയാണ് സൂരജ് നൽകിയത്. ഉത്രയുടെ വീട്ടുകാർ കൈവശപ്പെടുത്തിയെന്ന വാദത്തിൽ സൂരജ് ആദ്യഘട്ടത്തിൽ ഉറച്ചു നിന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ കുഴിച്ചിട്ടിരുന്ന 37.5 പവൻ സ്വർണം കണ്ടെത്തി.
കോടതിയിൽ ജനസമുദ്രം
കോടതി പരിസരത്ത് രാവിലെ മുതൽ ജനക്കൂട്ടമായിരുന്നു. 11 കഴിഞ്ഞതോടെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വരാന്തയിൽ നിറഞ്ഞു, സ്ത്രീകളായിരുന്നു ഏറെയും. സൂരജുമായി 11.45നു പൊലീസ് ജീപ്പ് എത്തി. വാഹനത്തിനു മുന്നോട്ടു നീങ്ങാൻ പോലും കഴിയാത്ത തിരക്ക്. പൊലീസ് ഏറെ പാടുപെട്ടാണു വാഹനം കോടതി മുറിയുടെ താഴെ എത്തിച്ചത്. പൊലീസും ദ്രുതകർമ സേനയും ‘പൊതിഞ്ഞു പിടിച്ച്’ സൂരജിനെ കോടതി പ്രവർത്തിക്കുന്ന മൂന്നാം നിലയിലേക്കു കയറ്റി. ചിത്രം പകർത്താൻ തിക്കും തിരക്കും.
11.50നു സൂരജിനെ കോടതി ഹാളിൽ എത്തിച്ചു. 12 നു ചേംബറിൽ നിന്നു ജഡ്ജി കോടതി ഹാളിലെത്തി. 12 മിനിറ്റ് നീണ്ട വിധി പ്രസ്താവം . ജഡ്ജി ചേംബറിലേക്കു മടങ്ങി. കോടതിയിൽ നിന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പുറത്തേക്ക്. ദ്യശ്യമാധ്യമ പ്രവർത്തകരുടെ അനിയന്ത്രിതമായ തിരക്ക്. ഇതിനിടയിൽ, തടവും ജീവപര്യന്തവും എന്ന വാർത്ത പുറത്തെത്തി. കോടതിയിലെ പ്രിന്ററിനു ചെറിയ തകരാർ വന്നതിനാൽ വിധിപ്പകർപ്പു വരാൻ താമസിച്ചു. ആ നേരമൊക്കെ കോടതിയിൽ തലകുനിച്ചിരിക്കുകയായിരുന്നു സൂരജ്. നടപടികൾ പൂർത്തിയാക്കി 2.55നു ജയിലിലേക്ക്.
അന്വേഷണ മികവിന് അംഗീകാരം
കോടതി വിധി എത്തും മുൻപ് ഉത്ര കേസ് അന്വേഷണ സംഘത്തിന് ആദരം. അന്വേഷണത്തിനു നേതൃത്വം നൽകിയ എസ്പി ഹരിശങ്കർ, ഡിവൈഎസ്പി എ.അശോകൻ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള അവാർഡ് നേടി. അന്വേഷണ സംഘത്തിനു സംസ്ഥാന സർക്കാരിന്റെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.
എസ്പി ഹരിശങ്കർ, അഡീ.എസ്പി എസ്.മധുസൂദനൻ, ഡിവൈഎസ്പി ആയിരുന്ന എ. അശോകൻ, സിഐ അനൂപ് കൃഷ്ണ, എസ്ഐമാരായ ഡി.രമേശ്കുമാർ, ഡി.എസ്.അനിൽകുമാർ, ആഷിർ കോഹൂർ, സി.മനോജ്കുമാർ, കെ.ശിവശങ്കരപ്പിള്ള, അനിൽകുമാർ, ബി.അജയകുമാർ, കെ.കെ.രാധാകൃഷ്ണപിള്ള, പ്രവീൺകുമാർ,സജിന, മഹേഷ് മോഹൻ എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
തൃപ്തനെന്ന് ഹരിശങ്കർ
കോടതി വിധിയിൽ തൃപ്തിയുണ്ടെന്നു അന്വേഷണ സംഘത്തലവനായിരുന്ന മുൻ റൂറൽ എസ്പിയും ഇപ്പോൾ അഡീഷനൽ ഐജി യുമായ ഹരി ശങ്കർ, ജീവപര്യന്തം ശിക്ഷ ആയതിനാൽ ജീവിതാന്ത്യം വരെ പ്രതിക്കു ജയിലിൽ കഴിയേണ്ടി വരും. ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്നതിനു പോലും ഏറെ നാൾ കാത്തിരിക്കണം. വധശിക്ഷ വിധിച്ചാൽ ഹൈക്കോടതി പെട്ടെന്നു അപ്പീൽ പരിഗണിക്കുകയാണ് പതിവ്.
കേസ് യഥാസമയം അന്വേഷിച്ചു ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞത് നേട്ടമായെന്നു ഹരിശങ്കർ പറഞ്ഞു. കോടതിയുടെ വിധി അംഗീകരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി എ. അശോകൻ പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എല്ലാം പരിശോധിച്ച ശേഷമാണല്ലോ കോടതി ശിക്ഷ വിധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിർണായകമായി വനം വകുപ്പ് അന്വേഷണവും
ഉത്ര വധക്കേസിൽ വനം വകുപ്പിനു ലഭിച്ച തെളിവുകളും നിർണായകമായെന്നു വനംവകുപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച അഞ്ചൽ മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ ജയൻ. ജയൻ ഇപ്പോൾ തെന്മല റേഞ്ച് ഓഫിസറാണ്. ആറ്റിങ്ങൽ ആലംകോട് നിന്നു പിടികൂടിയ മൂർഖൻ പാമ്പിനെ ഉപയോഗിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് ജയൻ പറഞ്ഞു.
പാമ്പിന് 152 സെമി നീളം ഉണ്ടായിരുന്നു. ചാവരുകാവ് സുരേഷാണ് പാമ്പിനെ പിടികൂടി നൽകിയതെന്ന് മൊഴി നൽകിയിട്ടുണ്ട്. മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊന്നുവെന്ന് സൂരജ് പരസ്യമായി സമ്മതിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഡമ്മി പരീക്ഷണം നടത്തി. കേസുകൾ പുനലൂർ ഫോറസ്റ്റ് കോടതിയുടെ പരിഗണനയിലാണെന്നും ജയൻ പറഞ്ഞു.
ജാഗ്രതയോടെ പ്രോസിക്യൂഷൻ
കേസിന്റെ ഓരോ ഘട്ടത്തിലും ജാഗ്രതയോടെ ആയിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ നീക്കം. കൊലയ്ക്കു പിന്നിൽ ആര്? എന്തിന്? എങ്ങനെ? എന്ന ചോദ്യങ്ങളിൽ നിന്നായിരുന്നു തുടക്കം. വലിയ ഗൃഹപാഠമാണ് മോഹൻരാജ് നടത്തിയത്. പാമ്പുകളെ സംബന്ധിച്ച് ഒട്ടേറെ പഠിച്ചു. വിദഗ്ധരുമായി ചർച്ച ചെയ്തു. അങ്ങനെ സർപ്പശാസ്ത്രത്തിൽ വിദഗ്ധനായി മാറി. ഉത്രയ്ക്ക് ഏറ്റ പാമ്പു കടി സ്വാഭാവികമല്ലെന്നു തെളിയിക്കാൻ പാമ്പ് പിടുത്തക്കാരൻ വാവാ സുരേഷിന്റെ അനുഭവവും ശാസ്ത്രീയമായ തെളിവുകളും നിരത്തി. രണ്ടും സമാനമായിരുന്നു.
ഉത്രയുടെ വീട്ടുകാരാണ് മോഹൻ രാജിനെ സ്പെഷൽ പ്രോസിക്യൂട്ടർ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉൾപ്പെടെ പ്രമാദമായ ഒട്ടേറെ കേസുകളിൽ മോഹൻരാജിന്റെ കഴിവു ബോധ്യപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ആവശ്യം ഉന്നയിച്ചത്. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ വസ്തുത വിശദീകരണത്തിനു അവിടെ ഹാജരായി. വാദം അവസാനിച്ചപ്പോൾ തുറന്ന കോടതിയിലും പിന്നീട് വിധിയിലും മോഹൻ രാജിനെ സുപ്രീം കോടതി പ്രശംസിച്ചു.
കുപ്പണ, ആവണീശ്വരം മദ്യ ദുരന്തങ്ങൾ, കോട്ടയം എംഇഎ റാഗിങ്, കൊട്ടാരക്കര ബാർ കൊലപാതകം പുനലൂർ മജിസ്ട്രേട്ട് കോടതി ജീവനക്കാരി യമുനയുടെ കൊലപാതകം, ആട് ആന്റണി കേസ് തുടങ്ങി ഒട്ടേറെ കേസുകളിൽ മോഹൻരാജ് ഹാജരായിട്ടുണ്ട്. അടുത്തിടെ ഏറെ കോളിളക്കം ഉണ്ടാക്കിയ വിസ്മയ കേസിലും മോഹൻ രാജിനെ സ്പെഷൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷ കനായിരുന്ന പുത്തൂർ ഗോപാലകൃഷ്ണന്റെ മകനാണ്.
വിധി അറിയാൻ വാവ സുരേഷും
കൊല്ലം∙ ഉത്ര കേസിൽ ഉണ്ടായത് മികച്ച വിധിയാണെന്ന് പാമ്പു പിടിത്തക്കാരൻ വാവ സുരേഷ്. കേസിന്റെ വിധി അറിയാൻ ഇന്നലെ കോടതിയിൽ എത്തിയതായിരുന്നു സുരേഷ്. പാമ്പുകളെ സംബന്ധിച്ച് അനുഭവജ്ഞാനമുള്ളയാളെന്ന നിലയിൽ വാവ സുരേഷിനെ പ്രോസിക്യൂഷൻ പലതവണ വിസ്തരിച്ചിരുന്നു. ശാസ്ത്രീയമായ വിശകലനങ്ങൾക്കൊപ്പം വാവ സുരേഷിന്റെ അനുഭവജ്ഞാനം കേസിൽ പ്രയോജനപ്പെടുത്തിയിരുന്നതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി.മോഹൻരാജ് പറഞ്ഞു .
അണലി കടിച്ചാൽ അതിവേദനയുണ്ടാകുമെന്ന് ഒട്ടേറെത്തവണ പാമ്പ് കടിയേറ്റിട്ടുള്ള സുരേഷ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. അണലി കടിച്ചിട്ടും ഉത്ര ഉണരാതിരുന്നത് മയക്കത്തിലായിരുന്നതിനാലാണെന്നു സുരേഷ് പറയുന്നു. ജനലിൽക്കൂടി മുറിയിലേക്ക് പാമ്പ് കയറിയെന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. എന്നാൽ പാമ്പ് ഇഴഞ്ഞുപോയതിന്റെ പാടുകളില്ലായിരുന്നു. പാമ്പ് ഉയരത്തിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ചുണ്ട് ചുവരിൽ ഉരഞ്ഞ് അവിടെ പാമ്പിന്റെ ഉമിനീര് പറ്റാനിടയുണ്ട്. അതവിടെ കണ്ടില്ല