മാലി: ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. മാലിദ്വീപിനെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. നിർണായക മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനൽ മത്സരം ഒക്ടോബർ 16 ന് വൈകിട്ട് 8.30ന് നടക്കും.
ഇരട്ട ഗോളുകളുമായി നായകൻ സുനിൽ ഛേത്രിയുടെ കളം നിറഞ്ഞ പോരാട്ടത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം. ഇരട്ട ഗോൾ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറി. വിജയം മാത്രം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കളി തുടങ്ങി 33ാം മിനിറ്റിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യ ആദ്യം ലീഡെടുത്തു.
1️⃣2️⃣3️⃣ Internationals 😯
7️⃣9️⃣ Goals 😱@chetrisunil11 becomes the joint 6th highest goalscorer in the world! 🤩#INDMDV ⚔️ #SAFFChampionship2021 🏆 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/Tg4UCTPAAE— Indian Football Team (@IndianFootball) October 13, 2021
ബോക്സിനകത്തേക്ക് ലഭിച്ച ലോങ് പാസ് സ്വീകരിച്ച മൻവീർ മാലി ഗോൾകീപ്പർ ഫൈസലിന് ഒരു സാധ്യതയും നൽകാതെ അനായാസം പന്ത് വലയിലെത്തിച്ചു. ആദ്യം പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ 45ാം മിനിറ്റിൽ മാലിദ്വീപിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖിന് തെറ്റിയില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ആതിഥേയർക്ക് സമനില സമ്മാനിച്ചു.
രണ്ടാം പകുതിയിൽ കളി മാറി മറിഞ്ഞു. 62ാം മിനിറ്റിൽ ഇന്ത്യ സുനിൽ ഛേത്രിയിലൂടെ ലീഡെടുത്തു. മൻവീർ നൽകിയ പാസ് സ്വീകരിച്ച ഛേത്രി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ 2-1 ന് മുന്നിൽ. ഒൻപത് മിനിറ്റുകൾക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചു കൊണ്ട് വീണ്ടും ഗോളടിച്ചു. ഇത്തവണ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം വല കുലുക്കിയത്. ബോക്സിനകത്തേക്ക് വന്ന ഫ്രീ കിക്ക് മികച്ച ഹെഡ്ഡറിലൂടെ ഛേത്രി വലയിലെത്തിച്ചു.