ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഐ.പി.എൽ ഫൈനലില്‍ പ്രവേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 19.5 ഓവറില്‍ മറികടന്നു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് കൊല്‍ക്കത്തയുടെ എതിരാളി.
136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഡല്‍ഹി കൊല്‍ക്കത്തയെ 130 ന് ഏഴ് എന്ന സ്കോറിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ സിക്സടിച്ചുകൊണ്ട് രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.
അര്‍ധസെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും മികച്ച ബൗളിങ് കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്കെ, അശ്വിന്, റബാദ, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന് ഒരു വിക്കറ്റ് സ്വന്തമാക്കി.
ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
മധ്യ ഓവറുകളില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും കൊല്‍ക്കത്ത സ്പിന്നര്‍മാരും പേസര്‍മാരും ഡല്‍ഹിയെ വരിഞ്ഞുകെട്ടുകയായിരുന്നു. അവസാന ഓവറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്കോര്‍ 130 കടത്തിയത്. ശ്രേയസ് 30 റണ്‍സെടുത്തും അക്ഷര്‍ പട്ടേല്‍ നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, ലോക്കി ഫെര്ഗൂസന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
കൊല്‍ക്കത്ത ഇത് മൂന്നാം തവണയാണ് ഐ.പി.എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മുന്‍പ് രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ചപ്പോഴും കൊല്‍ക്കത്ത കിരീടം നേടിയിരുന്നു.