ഹൈദരാബാദ്: ഹിന്ദു മഹാസഭ നേതാവ് സവർക്കറെ വൈകാതെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസാദുദ്ദീൻ ഉവൈസി. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.
ബിജെപി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഗാന്ധി വധത്തില്‍ പങ്കുള്ളയാളെന്ന് ജസ്റ്റിസ് ജീവന് ലാല്‍ കപൂര്‍ പ്രഖ്യാപിച്ച സവര്‍ക്കറെ രാഷ്ട്രപിതാവാക്കും. – എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ ഉവൈസി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹു കുഡ് ഹാവ് പിവന്റഡ് പാര്‍ട്ടീഷ്യന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
ഇന്ത്യയുടെ മോചനത്തിനായി യത്നിക്കുന്നത് പോലെ സവര്‍ക്കറുടെ മോചനത്തിനായും പ്രയത്നിക്കുമെന്നും ഗാന്ധിജി പറഞ്ഞിരുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു. ഭരണഘടന ശില്പി ഡോ. ബി.ആര് അംബേദ്കറിനും സവര്‍ക്കറുമായി അടുപ്പമുണ്ടായിരുന്നു എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.