ദിഗംബരസ്മരണകൾ; “ടി.കെ.സി. വടുതലക്ക് സംവരണത്തിന്റെ ആവശ്യമില്ല”; എം. രാജീവ് കുമാർ

 ടി.കെ.സി. വടുതലയെ കുറിച്ച് എഴുത്തുകാരൻ എം.രാജീവ് കുമാർ എഴുതുന്നു 

മലയാള കഥയിൽ ദളിത് ലേബലിൽ ത്രാണി തെളിയിച്ച എഴുത്തുകാരനല്ല ടി.കെ.സി. വടുതല. ഒരു സംവരണത്തിന്റെയും ആവശ്യമില്ല ടി.കെ.സി വടുതലയുടെ കഥകൾക്ക്!
ആരുടേയും ഔദാര്യത്തിലും ആനു കൂല്യത്തിലും കസേര വലിച്ചിട്ട് മലയാള കഥയിൽ സ്ഥാനം ഉറപ്പിച്ച കഥാകാരനുമല്ല അദ്ദേഹം.

1951 ൽ മാതൃഭൂമി നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ ” രണ്ടു തലമുറകൾ ” എന്ന കഥയിലൂടെ കയറി വന്ന എഴുത്തുകാരനാണ് ടി.കെ.സി വടുതല!പബ്ലിക് റിലേഷൻസ് സിപ്പാർട്ടുമെന്റിലായിരുന്നു ജോലി. എറണാകുളത്തിന് വടക്ക് വടുതലയിൽ 1921 ഡിസംബർ 23 ന് തൈപ്പിക്കണ്ടന്റെ മകനായിട്ടാണ് ചാത്തൻ ജനിച്ചത്. 

സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം. 1942 ൽ ക്വിറ്റിന്ത്യാസമരത്തിലിറങ്ങി ജീവിതം ആ വഴിക്ക് നീങ്ങേണ്ടതായിരുന്നു. ചില അദ്ധ്യാപകർ പിൻതിരിപ്പിച്ച് ചാത്തനെ പട്ടാളത്തിലയപ്പിച്ചു.എന്തായാലും അടികൂടാൻ പോകുന്നു. അത് സ്വരാജ്യത്തിന് വേണ്ടി ആകട്ടെ എന്ന് അദ്ധ്യാപകർ കരുതിക്കാണും.

 നാല് കൊല്ലം കഴിഞ്ഞ് തിരിച്ചു വന്നു. 1948 വരെ അന്നത്തെ കൊച്ചി രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഒറ്റച്ചാട്ടമായിരുന്നു. സാഹിത്യ കുശലൻ എ.ഡി. ഹരിശർമ്മയാണ് അവിടെക്കിടന്ന് അലമ്പാവാതെ ചാത്തനെ പിൻതിരിപ്പിച്ച്‌സ്വന്തം കീശയിൽ നിന്ന് പണവും കൊടുത്ത് ഉപരിപഠനത്തിന് തൃശൂരിലേക്കയച്ചത്. 

തൃശൂർ കേരള വർമ്മ കോളേജിലാണ് ചാത്തൻ പഠിച്ചത്. പി ശങ്കരൻ നമ്പ്യാർ അന്ന് പ്രിൻസിപ്പൽ. ഫീസൊടുക്കാൻ വകയില്ലാതെ വരുമ്പോൾ കൈയ്യിൽ നിക്ക് കാശുമുടക്കിയാണ് പ്രിൻസിപ്പൽ ആ വിദ്യാർഥിയെ പഠിപ്പിച്ചത്.എൻ.വി.കൃഷ്ണവാര്യരും പഠിപ്പിച്ചിട്ടുണ്ട്.

 ബി.ഒ എൽ. പാസ്സായതോടൊപ്പം ഹിന്ദിയിൽ ” പ്രബോധും ” പാസ്സായി.
1953 ൽ  കോഴിക്കോട് റേഡിയോ നിലയത്തിൽ ജോലി കിട്ടി. എൻ.വി.കൃഷ്ണവാര്യരായിരുന്നു അതിന് പിന്നിൽ. താത്കാലിക നിയമനമായിരുന്നു..1957 ലാണ് സി.ജെ.തോമസിന് തിരുവനന്തപുരം റേഡിയോ നിലയത്തിൽ ജോലി കിട്ടുന്നത്. സി.ജെ.യെക്കാൾ മൂന്ന് വയസ്സിന് ഇളപ്പമായിരുന്നു ടി.കെ.സി.ക്ക്!

ആകാശവാണിയിൽ നിന്ന് ടി.കെ.സി നേരെ കൊച്ചിൻ ഹാർബറിൽ ജോലിക്കുകയറി. പിന്നെ കൊച്ചിൻ കസ്‌റ്റംസിലും. അവിടുന്ന് 1960  പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫീസറാകുന്നത്. 1976 ൽ അഡീഷണൽ ഡയറക്ടറായിട്ടാണ് അവിടുന്ന് വിരമിക്കുന്നത്.1977 മുതൽ  എറണാകുളത്തായിരുന്നു സ്ഥിരതാമസം. 69 വയസ്സു വരേയും . 1988 ജൂൺ 1നാണ് ചരമം.

എട്ട് കഥാസമാഹാരങ്ങളിലൂടെ ആകെ 51 കഥകൾ . 1959 മുതൽ 1981വരെയുള്ള കാലമാണ് അദ്ദേഹത്തിന്റെ വസന്തം.സാഹിത്യ പ്രവർത്തക സഹകരണസംഘം 1981 ൽ “തെരഞ്ഞെടുത്ത കഥകൾ ” പ്രസിദ്ധപ്പെടുത്തി.രണ്ട് തലമുറകൾ , ചങ്ക് രാന്തി അട, അവന്റെ പ്രതികാരം ജാതിയെന്താ, പുതിയ അടവ്, അദ്ദേഹം, അവ്ളാൻ ലോനച്ചൻ , ജീവിതത്തിന്റെ താളം എന്നിവയാണ് ടി.കെ.സി വടുതലയുടെ കഥാസമാഹാരങ്ങൾ.

ഞാനോർക്കുന്നതു് 1953 ൽ പ്രസിദ്ധപ്പെടുത്തിയ “പെൺ ചെന്നായ ” എന്ന മറുനാടൻ കഥകളുടെ വിവർത്തനമാണ്.  . അഞ്ച് ഇറ്റാലിയൻ കഥകളും രണ്ട് ഫ്രഞ്ച് കഥകളുമാണ് ഉള്ളടക്കം. ഇതിന്റെ സവിശേഷത മൂലകഥാകൃത്തുക്കളെ പരിചയപ്പെടുത്തിയ ശേഷമാണ് കഥയിലേക്ക് കടക്കുന്നത്.

 പുതിയ കഥാസ ങ്കേതങ്ങളോടും വിദേശ സാഹിത്യത്തോടുമുള്ള ടി.കെ.സി യുടെ ആഭിമുഖ്യം അദ്ദേഹത്തിന്റെ കഥകൾക്ക് വല്ലാത്ത കാന്തിപ്രസരമാണുണ്ടാക്കുന്നത്. ഇതിനർഥം ആ കഥകൾ സ്വാധീനിച്ചു എന്നല്ല. വളവും വെള്ളവും വെളിച്ചവും ആർജിച്ച്‌ ആ കപ്പ വാഴ കുലച്ചു!

 കഥാമർമ്മം അറിയുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം.
എന്തിനധികം “ചങ്ക്രാന്തിഅട” എന്ന ഒറ്റക്കഥ മതിയല്ലോ ടി.കെ.സി. വടുതലയുടെ സ്ഥാനം മലയാള കഥയിൽ അടയാളപ്പെടുത്താൻ.

“കണ്ടങ്കോരൻ ദേവസ്സി ” എന്നൊരു കഥയുണ്ട്. വെന്തിങ്ങ ഊരി പള്ളിലച്ചന് നൽകിയ കണ്ടങ്കോരൻ ഒരു കാലത്തിന്റെ പ്രതീകമാണ്. മതം മാറി വരുന്ന ഹരിജ നങ്ങളെ മനുഷ്യനായും ക്രിസ്ത്യാനിയായും അംഗീകരിക്കാൻ ക്രിസ്തീയ സമുദായം തയ്യാറാകണമെന്ന ഉദ്ബോധനം സാദ്ധ്യമാക്കുന്ന കഥയാണത്. നവോത്ഥാന മൂല്യങ്ങൾ പ്രകടമാക്കിയ കഥകൾ.

മൂന്ന് നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട് 1960 ൽ “കറ്റയും കൊയ്ത്തും ” 1970 ൽ “നനവുള്ള മണ്ണ് ” 1979 ൽ “ചങ്ങലകൾ നുറുങ്ങുന്നു”നോവലുകൾ മൂന്നും പുലയ സമുദായത്തിന്റെ സ്വാതന്ത്ര്യo ഹനിക്കുന്നൊരു കാലത്തെ പോരാട്ടവീര്യങ്ങളുടെ കയാണ്. അതിലുടെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രവും അനാവൃതമാകുന്നു.

നൂറ്റെട്ട് പുലയത്തറകളുള്ള  അങ്ങത്തറയിൽ മൂത്ത കാരണവരായ കണ്ണൻമൂപ്പനഛന്റെ കഥയാണ് “കറ്റയും കൊയ്ത്തി “ലേത്. ജാതിയും അധീശത്തവും തമ്മിലുള്ള മാത്സര്യത്തിന്റെ കഥ. ജാതിയുടേയും മതത്തിന്റെയും പേരിൽ ജൻമികൾ ചൂഷണം ചെയ്തിരുന്ന പുലയ സമുദായത്തിന്റെ സംഘടിത ശ്രമത്തെ എടുത്തു കാണിക്കുന്ന ഒന്നാണ് “ചങ്ങലകൾ നുറുങ്ങുന്നു. ” എന്ന നോവൽ.

അതാണിപ്പോഴുള്ള സാഹിത്യ ലോകം. ദളിത് പെൺ പാരിസ്ഥിതിക ലേബലൊട്ടിച്ച് സ്വയം പ്രതിഷ്‌ഠയും കഴിച്ച്, കുഴച്ച് കുട്ടിച്ചോറാക്കിയിട്ടിരിക്കുകയല്ലേ! കമാന്നൊരക്ഷരം മിണ്ടിയാൽ കഴുതപ്പുലികൾ ചാടി വീഴും.ങാ, നമുക്ക് ടി.കെ.സി.യിലേക്ക് വരാം.
കഥകളിലൂടെ ലാക്കിന് കൊള്ളിക്കാൻ അദ്ദേഹത്തിനറിയാം. പുലയസമുദായത്തിൽപ്പെട്ട തൊഴിലാളികൾ ജന്മിത്തത്തിനെതിരെ സംഘടിക്കുന്നതും അതിനെ ജന്മിത്വം തന്ത്രപരമായി നേരിടുന്നതുമായ കഥയാണ് “നനവുള്ള മണ്ണ് “

രണ്ട് ഉപന്യാസ സമാഹാരങ്ങളും രണ്ട് ജീവചരിത്ര ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. “വ്യക്തി മാഹാത്മ്യം” എന്ന ഗ്രന്ഥത്തിൽ ശ്രീനാരായണ ഗുരു ,കെ.പി. കറുപ്പൻ ,പ്രൊഫസ്സർ ശങ്കരൻ നമ്പ്യാർ, എ.ഡി. ഹരിശർമ്മ സഹോദരൻ അയ്യപ്പൻ എന്നിവരെപ്പറ്റിയാണ്. 
ഇതിലെ എ.ഡി. ഹരിശർമ്മയെ വികസിപ്പിച്ച്  അതേ പേരിൽ അദ്ദേഹം ഒരു പുസ്തകം തന്നെ 1968 ൽ പ്രസിദ്ധപ്പെടുത്തി.

ഇതിനിടയൽ ടി.കെ.സി. കവിതകളുമെഴുതി. ” നീയും ഞാനും ” ചാരിത്ര്യവതി” എന്നിവയാണ് സമാഹാരങ്ങൾ .ടി.കെ.സി.വടുതല ജനറൽ എഡിറ്ററായി 1977 ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണ്
ഡോ.ബി.ആർ. അംബേദ്കർ.മലയാള കഥയിൽഓരോ എഴുത്തുകാരനും ഓരോ സ്റ്റോക്ക് കഥാപാത്രങ്ങളുണ്ട് വി.കെ.എന്ന് പയ്യൻ കഥകൾ പോലെ ടി.കെ.സി. വടുതലക്ക്
കണ്ടങ്കോരൻ കഥകൾ

ദളിത ജീവിതത്തിന്റെ മലയാളത്തിലെ ആദ്യ കഥാകാരനാണ് ടി.കെ.സി. വടുതല! അതിന്റെ ലേബലൊട്ടിച്ച്‌ കൊണ്ടുപോയി മാർക്കറ്റിലിറക്കി വീര്യം കുറഞ്ഞ സ്വന്തം പിണ്ണ തൈലവും ഒപ്പം പ്രദർശിപ്പിക്കാൻ ഇപ്പോൾ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.”ഞാനും പിന്നെ എന്റെ മച്ചമ്പിയും അത് കഴിഞ്ഞാൽ മദിനി “യും എന്ന മട്ടിലുള്ള ദളിത് സാഹിത്യനിരൂപണത്തിന് ജീവിച്ചിരിച്ചിരിക്കുമ്പോഴേ നിന്നു കൊടുക്കാത്തവനായിരുന്നു ടി.കെ.സി. വടുതല. 

ഇവനെന്താ ഒരു സവർണ്ണൻ വന്ന് ദളിതനെ ചൊറിയുന്നതെന്ന് ചോദിച്ചു കൊണ്ട്  “ശിങ്കിടിമുണ്ടന്മാർ ” ആക്രോശിക്കുന്നതു് എനിക്ക് കേൾക്കാം. മലയാളത്തിലെ ദളിത് സാഹിത്യം ഒരു ഗൂഢസംഘത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം വേച്ചുവേച്ചു പോവുകയാണ്. മാധ്യമത്തിന്റെ താലിബാനിസത്തിന് മറപ്പുര കെട്ടാൻ കീഴാള ഓലകൾ മെടയുകയല്ലേ?.



Latest News