കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ മികച്ച എം.ഡിക്കുള്ള ദേശീയ പുരസ്കാരം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം. ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസിന്. വിരമിക്കലിനു ശേഷവും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാൻ പി എഫ് ആർ ഡി എ ലക്ഷ്യമിടുന്നു.
അതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ബോധവത്കരണ പരിപാടികളും അടൽ പെൻഷൻ യോജന, നാഷണൽ പെൻഷൻ സ്കീം എന്നിവയെക്കുറിച് ജനങ്ങൾക്ക് അവബോധം നല്കാൻ ഒരു സമർപ്പിത പരിശീലന ഏജൻസിയും പിഎഫ്ആർഡിഎ എംപാനൽ ചെയ്തിട്ടുണ്ട്. കൂടാതെ പെൻഷൻ ലഭിക്കാത്ത എല്ലാ തലങ്ങളിലുമുള്ള ജനങ്ങളെയും വാർദ്ധക്യ പെൻഷനിൽ ഉൾപ്പെടുത്തുന്നതിന് രാജ്യ വ്യാപകമായുള്ള പ്രചാരണമാണ് അടൽ പെൻഷൻ യോജനയിലൂടെ പി.എഫ്.ആർ.ഡി.എ നടത്തുന്നത്. തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസിന് വേണ്ടി ഇസാഫ് ബാങ്ക് ചെന്നൈ റീജിയണൽ ഹെഡ് കെ. മുത്തുവള്ളിയപ്പൻ പി.എഫ്.ആർ.ഡി.എ ചെയർമാൻ സുപ്രതീം ബന്ദോപാധ്യായയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.