കൊല്ലം: ഉത്രവധക്കേസ് വിധിയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സൂരജിന് വധശിക്ഷ ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കേസില്‍ സൂരജിന് പതിനേഴ് വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം പിഴയുമാണ് കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. വിധിയില്‍ തൃപ്തരല്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ കുടുംബം വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗവും വ്യക്തമാക്കി.
വധശിക്ഷ ഒഴികെയുള്ള പരമാവധി ശിക്ഷയാണ് നല്‍കിയിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അപ്പീല്‍ പോകുമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിധി സ്വാഗതം ചെയ്ത് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി രംഗത്തെത്തി. പ്രതിക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നു. വധശിക്ഷ തിരുത്തല്‍ നടപടിയാണെന്ന് പറയാന്‍ കഴിയില്ലെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.