തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് മിനിമം വേതനംഉറപ്പു വരുത്താൻ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കെ.കെ.രാമചന്ദ്രന് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 30.03.2009ലെ 2287/09-ാം നമ്പർ റിട്ട് ഹർജിയിന്മേലുള്ള ഹൈക്കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ 14.02.2011 തീയതിയിലെ ജി.ഒ.(എം.എസ്)നം.36/11/പൊ.വി.വ പ്രകാരം സംസ്ഥാനത്തെ അണ് എയ്ഡഡ് മേഖലയിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവാകുകയും അതനുസരിച്ച് ഹെഡ്മാസ്റ്റര്-7,000/- രൂപ, ഹൈസ്കൂള്‍ അസിസ്റ്റന്റ് -6,000/- രൂപ, പ്രൈമറി ടീച്ചര്‍-5,000/- രൂപ, ക്ലാര്‍ക്ക്-4,000/- രൂപ, പ്യൂണ്‍/ക്ലാസ്-IV-3,500/- രൂപ എന്നിങ്ങനെ മിനിമം വേതനം നിശ്ചയിക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ ബഹു.കേരളാ ഹൈക്കോടതി തുടര്‍ന്ന് ഇടപെടുകയും ഹയർ സെക്കൻഡറി, സെക്കൻഡറി, പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം രൂപ 20,000/-, 15,000/-, 10,000/- എന്നീ ക്രമത്തില്‍ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.മേൽപറഞ്ഞ സർക്കാർ ഉത്തരവിന്റേയും ഹൈക്കോടതി വിധിയുടേയും അടിസ്ഥാനത്തില്‍, സ്കൂളുകളില്‍ പൊതുവില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാർക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അൺ എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകർക്ക് നല്കേണ്ടതായ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് 11.2.2021ലെ ജി.ഒ.(പി) നം. 22/2021/എല്‍.ബി.ആര് നമ്പരായി അന്തിമ വിജ്ഞാപനം തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത ഉത്തരവ് ബഹു. ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.നിലവില്‍ വ്യക്തമായ നിയമത്തിന്റെ അഭാവത്തില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്. ആയതിനാല്‍ സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനും അദ്ധ്യാപകര്‍ക്ക് മിനിമം വേതനമെങ്കിലും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയും ഒരു പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.