ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ ഇടപെടണമെന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി മേൽനോട്ടത്തിൽ രണ്ടംഗ ജഡ്ജിമാർ കേസ് അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ലഖിംപുരിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായ സാഹചര്യത്തിൽ പിതാവ് അജയ് മിശ്ര കേന്ദ്രമന്ത്രി സഭയിൽ തുടരുന്നത് അനുവദിക്കില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ലഖിംപുരിൽ നടന്ന കാര്യങ്ങൾ രാഷ്ട്രപതി റാം നാഥ് കോവിന്ദിനോട് വിശദീകരിച്ചു. അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം കൈമാറി.
സാധാരണക്കാർക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അജയ് മിശ്രയുടെ രാജി അനിവാര്യമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മുതിർന്ന നേതാക്കളായ എ കെ ആന്റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഗാർഖേ എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു.