കൊല്ലം: ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതി പറക്കോട് സ്വദേശി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു. വിധി പ്രസ്താവം പരിഗണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിധി കേള്‍ക്കാനായി ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം. 2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് സ്വന്തംവീട്ടില്‍ വെച്ച് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മാര്‍ച്ച് മൂന്നിന് സൂരജിൻ്റെ വീട്ടില്‍വെച്ചും പാമ്പുകടിയേറ്റിരുന്നു.
വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോള്‍ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
87 സാക്ഷികള്‍ നല്കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലപാതകം ശാസ്ത്രീയമായി തെളിയിക്കാന്‍ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടവും അടക്കം നടത്തിയിരുന്നു.