പത്തനംതിട്ട :ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിന്റെ ചുമതല പൊലീസിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറണമെന്ന് ശബരിമല സ്പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ ആവശ്യം ഉന്നയിച്ചു. നിലവിൽ വെർച്വൽ ക്യൂ സംവിധാനത്തിന്റെ ചുമതല പൊലീസിനാണ്. പ്രതിഷ്ഠയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യേണ്ടത് ദേവസ്വം ബോർഡാണെന്നും ആവശ്യത്തിൽ പറയുന്നു. കൂടാതെ വെർച്വൽ ക്യൂ വെബ്‌സൈറ്റിൽ പൊലീസിന്റെ എംബ്ലത്തിനാണ് പ്രാമുഖ്യമെന്നും കമ്മീഷണർ കോടതിയെ ധരിപ്പിച്ചു.
ശബരിമലയിൽ കൂടുതൽ തീർത്ഥാടകർക്ക് പ്രവേശനത്തിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കും. എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. വെർച്വൽ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്കോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കോ ആയിരിക്കും പ്രവേശനം നൽകുക.