കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് തനിക്കെതിരെ നല്കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതിനായി നമ്പരിട്ടു നല്കാന് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്.
നോട്ടുനിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഹര്‍ജിയില്‍ കക്ഷിയായിരുന്നില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണു സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് അപ്പീല്‍ നല്‍കിയത്.