തിരുവനന്തപുരം: പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്മുകളില് താമസിക്കുന്ന സുനിൽ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിന്റെ മരുമകനായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം മുടവുന്‍മൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭര്‍ത്താവാണ് അരുണ്‍. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകന് അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പ്രതി അരുണ്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതക ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ വച്ച് പൂജപ്പുര പോലീസ് പിടികൂടി. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. സുനിലിന്റെ അഖിലിന്റേയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.