ഇടുക്കി: മധ്യകേരളത്തിൽ മഴ ശക്തം. ഇടമലയാറിലെ ആദിവാസി ഊരുകൾ മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടു. പെരിയാറിലും കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലും എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും ഇടവിട്ട് മഴ ശക്തമാണ്. എറണാകുളത്തിൻ്റെ മലയോര മേഖലകളിൽ രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി.
ഇടമലയാർ ഡാമിന് അടുത്തുള്ള വൈശാലി ഗുഹക്ക് സമീപം പുലർച്ചെ മണ്ണിടിഞ്ഞ് താളുംകണ്ടം, പൊങ്ങിൻചുവട് ആദിവാസി കോളനികളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. 300 അടി ഉയരത്തിൽ നിന്നാണ് കല്ലും മണ്ണും താഴേക്ക് പതിച്ചത്. പെരിയാറിൻ്റെ തീരവും ജാഗ്രതയിലാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നത്.
കോട്ടയം ഇളങ്കാട് വാഗമൺ റോഡിൽ മേലേത്തട ഭാഗത്ത് റോഡ് ഇടിഞ്ഞുവീണു.പ്രദേശ വാസിയുടെ വീട് അപകടത്തിലാണ്. കുടുംബത്തെ താൽക്കാലികമായി മാറ്റി പാർപ്പിച്ചു.കോട്ടയത്തു മഴ തുടരുന്നുണ്ടെങ്കിലും ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടില്ല.
ആലപ്പുഴയിൽ കഴിഞ്ഞ രാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട് . അടുത്തയാഴ്ച കൊയ്ത്ത് നടത്താനിരുന്ന പാടങ്ങളിൽ വെള്ളം നിറഞ്ഞതിനാൽ നെൽചെടികൾ വീണുപോകുന്ന ആശങ്കയിലാണ് കർഷകർ. നെടുങ്കണ്ടം കട്ടപ്പന അടിമാലി മേഖലകളിൽ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഇടുക്കിയിൽ ചിലയിടങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിഞ്ഞ് വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്.
https://embed.acast.com/1ff40d8f-d070-5951-b4b5-6f2e3efe6cbc/61654242e95c0c00135cb668