ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. മൂവരും ലഷ്കർ-ഇ-തൊയ്ബ ഭീകരാണ്. തിങ്കളാഴ്ച രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഇന്ത്യൻ സൈന്യം ഭീകരർക്ക് കനത്ത തിരിച്ചടി നൽകിയത്.
തിങ്കളാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ നാല് സൈനികരും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ച് പേർ രാജ്യത്തിനായി വീരമൃത്യു വരിച്ചിരുന്നു. മലയാളി ഉൾപ്പെടെയുള്ള സൈനികരെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ പൂഞ്ച് സെക്ടറിലും സമീപ പ്രദേശങ്ങളിലും സംഘർഷാവസ്ഥ രൂക്ഷമായിരുന്നു. പിന്നീട് ഷോപിയാനിലെ ഇമാംസാഹബ്, തുൽറാൻ പ്രദേശത്തും ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചു. ഇവിടെയാണ് മൂന്ന് ലഷ്കർ ഭീകരരെ വധിക്കാൻ സൈന്യത്തിനായത്.