വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാറിനെ അംഗീകരിക്കില്ലെന്ന് യു.എസ് അധികൃതർ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക സഹായം നൽകുന്നതിനുള്ള കരാറിൽ അമേരിക്ക ഒപ്പുവെച്ചിട്ടുണ്ട്. മാനുഷിക പരിഗണനയുടെ പേരിലാണ് താലിബാനെ സഹായിക്കുന്നതെന്നും യു.എസ്. അറിയിച്ചു.
കഴിഞ്ഞ നാല്പതു വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നേരിട്ടിട്ടില്ലാത്ത വരൾച്ചയാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും സാമ്പത്തികമായി രാഷ്ട്രം തകർത്തിരിക്കുകയാണെന്നും സാധാരണ ജനങ്ങളുടെ ജീവിതം ദുരതിപൂർണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡൻ ഭരണകൂടം സാമ്പത്തിക സഹായം നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
അതേസമയം, അഫ്ഗാനിൽ നടക്കുന്ന ഭീകരതയെയും അമേരിക്കൻ പൗരന്മാരുടെ സുഗമമായ യാത്രയേയും കുറിച്ച് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ആശങ്ക അറിയിച്ചു. മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകാത്തതും പ്രതിഷേധാർഹമാണ്. ഇക്കാര്യം താലിബാൻ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.