ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ബുധനാഴ്ച നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും.
ആര്യന്റെ പക്കലിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ ആര്യൻ ഖാൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എൻ.സി.ബി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. മറ്റ് പ്രതികൾക്കൊപ്പം ആര്യൻ ഖാനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ കോടതി ബുധനാഴ്ച പരിഗണിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ. ആഡംബരകപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ആര്യൻ, സുഹൃത്ത് അർബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒൻപതു പേരെയാണ് അറസ്റ്റ് ചെയ്തത്. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട എൻസിബി, ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്ന് എൻസിബിയോട് കോടതി ആവശ്യപ്പെട്ടു.