തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്‍കട്ടും തത്ക്കാലം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. കേന്ദ്രവിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
അതേസമയം, കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കല്‍ക്കരി മന്ത്രി പ്രള്‍ഹാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര് കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ചയായി. യോഗം മണിക്കൂറുകള്‍ നീണ്ടു. എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിലവിലെ സാഹചര്യങ്ങള്‍ കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ സെക്രട്ടറിമാര്‍ വിശദീകരിക്കും.