ന്യൂഡല്‍ഹി: കെപിസിസി വൈസ് പ്രസിഡന്റുമാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും പട്ടിക സമര്‍പ്പിക്കാനാകാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഡൽഹിയിൽ നിന്ന് മടങ്ങി. പട്ടികയിൽ മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടായിരുന്നു. എഐസിസി മുന്നോട്ട് വെച്ച പേരുകളിലാണ് തർക്കമെന്നാണ് സൂചന. കെ സി വേണുഗോപാൽ മുന്നോട്ട് വച്ച പേരുകളോട് നേതൃത്വം എതിർപ്പ് അറിയിച്ചു.
വി.എം. സുധീരന്, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസന് എന്നിവരുമായി കൂടി കൂടിയാലോചിച്ച ശേഷം മതി 51 അംഗ കെപിസിസി ഭാരവാഹി പ്രഖ്യാപനമെന്നാണ് എഐസിസി നിര്‍ദേശം. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരത്തെ തിരുവനന്തപുരത്തേക്കു മടങ്ങിയിരുന്നു.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പോലെ പിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കെ.സി വേണുഗോപാലും ചേര്‍ന്ന് ഏകപക്ഷീയമായാണു പിസിസി ഭാരവാഹി പട്ടിക തയാറാക്കിയതെന്നാണു മുതിര്‍ന്ന നേതാക്കളുടെ പരാതി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അതൃപ്തിക്കു പിന്നാലെ സുധീരന്, മുല്ലപ്പള്ളി, ഹസന് എന്നിവരും പരസ്യമായ അതൃപ്തി പ്രകടമാക്കിയിരുന്നു.
പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായുള്ള ചർച്ചകള്‍ പൂർത്തിയായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. എന്നാൽ പട്ടികയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളിയും വി എം സുധീരനും പറയുന്നത്.
ഡിസിസി പട്ടികയിലെ വിമർശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകും .പാര്‍ട്ടിയുമായി ഇടഞ്ഞ് നില്ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്.
വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.