കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തിയ സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ തടഞ്ഞു. പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യുവിനെയും അധ്യാപകരെയും കോൺഫറൻസ് ഹാളിലാണ് വിദ്യാർഥികൾ തടഞ്ഞത്. അഞ്ച് മണിക്കൂറായി തടഞ്ഞ് വച്ചിരിക്കുകയാണ്.
ഇന്നത്തെ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പ്രിൻസിപ്പൽ അവധിയിൽ പ്രവേശിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കോളജ് വിദ്യാഭ്യാസ ഡയറക്ടർ പറയാതെ അവധിയിൽ പോകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
മരം കൊണ്ടുപോകാൻ എത്തിയ ലോറി എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം തടഞ്ഞു. അനുമതി ഇല്ലാതെയാണ് മരം കടത്തുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കോളേജ് ലൈബ്രറിക്ക് സമീപത്തുണ്ടായിരുന്ന മരമാണ് മുറിച്ച് മാറ്റിയത്. കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുകയായിരുന്ന മരം വാട്ടർ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിൻ്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. അവധി ദിവസം നോക്കി ഈ മരങ്ങൾ കടത്തുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
എന്നാല്‍ പ്രിൻസിപ്പാൾ ഡോ. മാത്യു ജോർജ് തന്റെ അറിവോടെയല്ല മരം മുറിച്ചതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.