പായൽ ശല്യം കാരണം പൊറുതിമുട്ടുകയാണ് വൈപ്പിനിലെ മത്സ്യത്തൊഴിലാളികൾ. കുളവാഴ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ പുഴകളിൽ നിന്ന് തോടുകളിലേക്ക് എത്തിയതോടെയാണ് വൈപ്പിനിലെ തോടുകളിൽ നിന്ന് മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവർ ബുദ്ധിമുട്ടിലായത്. തോടുകളിലും പുഴകളിലും മത്സ്യലഭ്യത കുറഞ്ഞ അവസ്ഥയിലാണ് പായൽ ശല്യം കൂടി എത്തുന്നത്. ഇതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതായിരിക്കുന്നത്.
സമാനമായ പായൽ ശല്യം കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു, അന്ന് ഇതേത്തുടർന്ന് മാസങ്ങളോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെട്ടിരുന്നു. സാധാരണഗതിയില്‍ മഴക്കാലം മാറി വെയില് ശക്തമാവുകയും വെള്ളത്തില്‍ ഉപ്പുരസം വര്‍ധിക്കുകയും ചെയ്യുന്നതോടെ പായല്‍ ഉണങ്ങി നശിക്കുകയുമാണ് പതിവ്. എന്നാല്‍, ഈ വർഷം ഇടക്കിടെ മഴ തുടരുന്നതിനാല്‍ വെള്ളത്തിലെ ഉപ്പിന്റെ അംശം കുറഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പുഴകളിലെയും തോടുകളിലെയും പായല്സാന്നിധ്യം ചെറുവഞ്ചിക്കാര്ക്കുമുതല് വലിയ ബോട്ടുകള്‍ക്കുവരെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചീനവലകള്‍, ഊന്നിവലകള്‍ എന്നിവ തകരാർ ആകുന്നതും തൊഴിലാളികൾക്ക് പ്രയാസമാകുന്നു. മഴക്കാലം പൊതുവെ വറുതിയുടെ സമയമായ ഈ തൊഴിലാളികൾക്ക് ഇപ്പോൾ ഇരട്ടി പ്രഹരമാണ് ഉണ്ടാകുന്നത്. പായല്‍ പരക്കെ നിറയുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വലവിരിക്കാന്‍ കഴിയാതാവും. ഇതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് ജോലിയില്ലാതാവുക.
കുളവാഴകള്‍ ചീഞ്ഞുനശിച്ചാലും വെള്ളത്തില്‍നിന്ന് ഇവയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീങ്ങുന്നതിന് മാസങ്ങളെടുക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മാത്രമല്ല, പായല്‍ ചീഞ്ഞ് താഴുന്നത് വെള്ളം മലിനമാകാനും മത്സ്യങ്ങൾ നശിക്കാനും ഇടയാക്കുകയും ചെയ്യും. വെള്ളത്തിനടിയിലേക്ക് പൂര്‍ണമായും പോകാതെ വെള്ളത്തിന്റെ മധ്യഭാഗത്തായാണ് ഇവ കിടക്കുന്നത്. പായല്‍ ഒഴിഞ്ഞെന്നുകരുതി വല വിരിച്ചാല്‍ വല വെള്ളത്തിനടിയിലേക്ക് പോകാത്ത സാഹചര്യമാണുള്ളത്.
മഴയുള്ളതിനാല്‍ പായൽ പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരങ്ങളില്‍ ഇവ അടിഞ്ഞുകൂടുന്നതിനാല്‍ മത്സ്യബന്ധനം നടത്താന്‍ കഴിയുന്നില്ല. വേലിയേറ്റ സമയത്താണ് തോടുകളില്‍ ഇവ കൂടുതലായി എത്തുന്നത്. തോടുകൾക്ക് പിന്നാലെ പ്രദേശത്തെ ചെമ്മീൻ കെട്ടുകളിലേക്കും ഇവ പടരുമോ എന്നാണ് ഇപ്പോൾ പ്രദേശത്തെ കർഷകരുടെ ആശങ്ക. പായല്‍ ചെമ്മീന്കെട്ടുകളിലേക്ക് കടക്കുന്നത് തടയാന്‍ മുളകളും മറ്റും സ്ഥാപിക്കാറുണ്ടെങ്കിലും പലപ്പോഴും ഫലപ്രദമാവാറില്ല. ദിവസങ്ങള്ക്കുള്ളില്ത്തെന്ന ഇവ കെട്ടില്‍ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. മത്സ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ ലഭ്യത കുറക്കുമെന്നതാണ് കുളവാഴകൊണ്ടുള്ള പ്രധാന പ്രശ്നമെന്ന് ചെമ്മീന്‍ കര്‍ഷകര്‍ പറയുന്നു.
തൊഴിലെടുത്ത് ജീവിക്കാനുള്ള ഈ മനുഷ്യരുടെ അവകാശമാണ് പായൽ കവരുന്നത്. അടിയന്തിരമായ ഇടപെടൽ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ട്. പായൽ നീക്കം ചെയ്യാനും തോടുകളിലേക്കും മറ്റും പരക്കുന്നതും തടയാൻ അധികൃതരുടെ ഇടപെടൽ കൊണ്ട് മാത്രമേ സാധിക്കൂ. സർക്കാർ ഇടപെട്ട് ജനപങ്കാളിത്തത്തോടെ തന്നെ ഉടൻ പായൽ നീക്കാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു.