ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്.
രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം.
നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചതായുമാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.