തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകള്‍ നവമ്പര്‍ 1ന് തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. സ്കൂള്‍തലത്തില്‍ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങള്‍ കൈക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ധാരണ ഉണ്ടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. സ്കൂളുകളിലേക്ക് പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന സ്ഥലങ്ങള്‍, സ്കൂള്‍ കോമ്പൗണ്ടിലെ പൊതുഇടങ്ങളും ക്ലാസ്മുറികളും ശൗചാലയങ്ങളും കുടിവെള്ള സ്രോതസും പാചകപ്പുരയും ഭക്ഷണശാലയും വാഹനങ്ങളും സ്കൂള്‍ പരിസരവുമൊക്കെ ദൈനംദിനം പരിപാലിക്കേണ്ടത് സംബന്ധിച്ച് ധാരണയുണ്ടാക്കി മുന്നോട്ടുപോകണം. ശുചിത്വ പരിപാലനവും അണുനശീകരണവും ഉറപ്പുവരുത്താനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ടതുണ്ട്. കൃത്യമായ മോണിറ്ററിംഗ് സംവിധാനവും പ്രവര്‍ത്തന ഏകോപനവും നടക്കുന്നുവെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സ്കൂള്‍ തുറക്കുന്നതിന് മുമ്പേ തന്നെ എല്ലാ അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കും സ്കൂള്‍ ബസിലെ ജീവനക്കാര്‍ക്കും ഗസ്റ്റ് അധ്യാകരടക്കമുള്ളവര്‍ക്കും സ്കൂള്‍ കുട്ടികളുടെ വീടുകളിലുള്ള മറ്റ് അംഗങ്ങള്‍ക്കും രണ്ട് ഡോസ് വാക്സിന് ലഭ്യമായെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. സ്കൂള്‍ പി ടി എകളും എസ് എം സി എക്സിക്യുട്ടീവ് യോഗങ്ങളും വിളിച്ച് ചേര്‍ത്ത് വിശദമായി ചര്‍ച്ച നടത്തണം. സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍ നിര്‍ബന്ധമായും ഇത്തരം യോഗങ്ങളില്‍ പങ്കാളികളാകണം. മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും സംഘടനാ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ബഹുജന സംഘടനകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും അദ്ധ്യാപക സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
കുട്ടികള്‍ക്കുള്ള ഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കാനും സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സും ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. സ്കൂള്‍ ബസുകള്‍ കൂടാതെ രക്ഷിതാക്കളുടെ വാഹനങ്ങളും സുരക്ഷിത യാത്രയ്ക്ക് തയ്യാറാക്കാവുന്നതാണ്. സകൂളുകള്‍ തുറന്ന ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികള്‍ നടപ്പാക്കാനും നിരീക്ഷിക്കാനും സ്കൂള്‍ ആരോഗ്യ നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ കമ്മറ്റിയില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്കൂള്‍ അധികൃതരുടെ ഒരു യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ സ്കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യണമെന്നും പ്രദേശത്തെ സ്കൂളുകള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.