നടൻ നെടുമുടി വേണുവിൻ്റെ സംസ്കാരം നാളെ പന്ത്രണ്ടരയ്ക്ക് തിരുവനന്തപുരത്ത് നടക്കും. അദ്ദേഹത്തിന്റെ ഭൗതീകശരീരം വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തിച്ചു. നാളെ രാവിലെ പത്തരമുതല്‍ പന്ത്രണ്ടുവരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതിയോടെയാകും.
തിരുവനന്തപുരത്ത് ഉദരരോഗത്തിന് ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിൻ്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2003ല്‍ പ്രത്യേക പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1981ലും 2003ലും മികച്ച നടനുള്ള സംസ്ഥാന അവാർഡും നെടുമുടി വേണുവിനായിരുന്നു. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി എന്നിങ്ങനെ ഒന്‍പത് സിനിമകള്‍ക്ക് കഥകളെഴുതി. ‘പൂരം’ സിനിമയും കൈരളി വിലാസം ലോഡ്ജ് സീരിയലും സംവിധാനം ചെയ്തു. നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരനായിരുന്നു നെടുമുടി വേണു.