മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍, രോഗലക്ഷണങ്ങള്‍, രോഗാവസ്ഥകള്‍ എന്നിവ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായ ചികിത്സ തേടുന്നതിനും ഭൂരിപക്ഷം ആളുകള്‍ക്കും കഴിയുന്നില്ല. മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധം ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല. മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള തെറ്റായ ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണ്. 15 ശതമാനം ആളുകള്‍ മാത്രമാണ് ശാസ്ത്രീയമായ ചികിത്സ തേടുന്നത്. മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമാണ്. പ്രാഥമിക ആരോഗ്യതലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഒപ്പം ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൈക്യാട്രി വിഭാഗവും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.