ദില്ലി: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ലഖ്നൗവിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്.
കോവിഡ് കാലത്ത് യുപി സർക്കാർ ദരിദ്രരെ കയ്യൊഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്തെ തൊഴിലില്ല, ഇന്ധന വില തുടങ്ങിയ പ്രശ്നങ്ങൾക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാൻ പാടില്ല. ജയിലിൽ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.