ബംഗളൂരു: ബംഗളൂർ നഗരത്തിന് പുതിയ ഷോപ്പിങ് അനുഭവം പകർന്ന് ലുലു ഗ്രൂപ് ഇൻറര്നാഷനലിൻ്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ മാള്‍സ് തിങ്കളാഴ്ച രാജാജി നഗറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ബംഗളൂരുവിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, രാജ്യത്തെതന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ എൻറര്‍ടെയ്ൻമെൻറ് സെൻറര്‍ ‘ഫണ്ച്യൂറ’ എന്നിവയാണ് ഗ്ലോബല്‍ മാള്സിലെ പ്രധാന ആകര്ഷണങ്ങള്.
നഗരത്തിലെ പ്രധാന ബിസിനസ് കേന്ദ്രത്തിന് സമീപം 14 ഏക്കര്‍ ഭൂമിയില്‍ അഞ്ച് നിലയിലായാണ് ഗ്ലോബല്‍ മാള്‍സ് സ്ഥിതിചെയ്യുന്നത്. എട്ടുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള മാളില്‍ 132 സ്റ്റോറുകളും 17 കിയോസ്കുകളും പ്രവര്‍ത്തിക്കും. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്സസറികള്‍, ആഭരണങ്ങള്‍, ഗിഫ്റ്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫുഡ് കോര്‍ട്ട്, റസ്റ്റാറൻറ്, കഫേ തുടങ്ങി മികവാര്‍ന്ന ഷോപ്പിങ് അനുഭവമാണ് ഗ്ലോബല്‍ മാളില്‍ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ ലുലുവിന്റെ പ്രധാന സവിശേഷതയായ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഏറ്റവും വലിയ ഇന്‍ഡോര്‍ എൻറര്‍ടെയ്ൻമെൻറ് സോണ്‍ ഫണ്ച്യൂറ എന്നിവ മാളിനെ കൂടുതൽ പ്രൗഢമാക്കുന്നു. രണ്ടുലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്. റോളര്‍ ഗ്ലൈഡര്‍, ടാഗ് എറീന, അഡ്വഞ്ചര്‍ കോഴ്സ്, ട്രാമ്പോലിന്, ഏറ്റവും പുതിയ വി.ആര് റൈഡുകള്‍, 9-ഡി തിയറ്റര്‍, ബംബര്‍ കാറുകള്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന വിവിധ ഗെയിമുകള്‍ അടങ്ങുന്ന ഫണ്ച്യൂറയുടെ വിസ്തൃതി 60,000 ച.അടിയാണ്.
23ലധികം ഔട്ട്ലറ്റുകളുള്ള ഫുഡ്കോര്ട്ടില് ഒരേസമയം ആയിരം പേര്‍ക്ക് ഇരുന്ന് കഴിക്കാം. കൂടാതെ 1700 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതല്‍ മാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.