കൊച്ചി: കോഴിക്കോട് ഇസ്ലാമിക് ബാങ്ക് എന്ന പേരിൽ ധനകാര്യം സ്ഥാപനം തുടങ്ങി പണം തട്ടിയ പ്രതി മോഷണക്കേസിൽ പിടിയിലായി. പള്ളിയിൽ നിന്ന് പണം തട്ടിയ കേസിൽ മുഹമ്മദ് ജലാലുദ്ധീൻ എന്നയാളെയാണ് പിടികൂടിയത്. ഇന്ന് രാവിലെ എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട് ഫറോക്കിൽ ഇസ്ലാമിക് ബാങ്കാണെന്ന് കാണിച്ച് ലൈഫ് ലൈൻ ബാങ്കേഴ്സ് എന്ന പേരിൽ ജലാലുദ്ധീൻ ധനകാര്യ സ്ഥാപനം നടത്തിയിരുന്നു. മുൻക്രിക്കറ്റ് താരവും എംപിയുമായിരുന്ന മുഹമ്മദ് അസ്ഹറുദീന്റെ ഫണ്ട് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടൽ നടത്തിയത്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള നിരവധി പേരുടെ പണം ലൈഫ് ലൈൻ ബാങ്കേഴ്സ് വഴി ഇയാൾ തട്ടിയിട്ടുണ്ടെന്നാണ് വിവരം. പ്രധാനമായും കോഴിക്കോട്, മലപ്പുറം മേഖലകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിട്ടുള്ളത്. സ്വർണവും പണവും നഷ്ടമായ നിരവധി പേർ വിവിധ സ്റ്റേഷനുകളിലായി പരാതി നൽകിയിരുന്നു.
സ്ഥിരമായി മുങ്ങി നടക്കുകയായിരുന്ന ഇയാൾ ഒരുതവണ ഹോസ്ദുർഗ് പൊലീസിന്റെ പിടിയിലായിരുന്നു. എന്നാൽ അവിടെ നിന്നും മുങ്ങിയ ജലാലുദ്ധീൻ ഇപ്പോഴാണ് വീണ്ടും പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.