കുവൈത്ത് സിറ്റി: കുവൈത്തിൽ അവധിദിനങ്ങളിൽ വാഹനപരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്. വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മൂവായിരത്തിലേറെ നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗിെൻറ പ്രത്യേക നിർദേശപ്രകാരമാണ് വാരാന്ത അവധി ദിനങ്ങളിൽ ട്രാഫിക് പൊലീസ് പ്രത്യേക വാഹന പരിശോധന ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെയും മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള മറ്റു സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെണ് കാമ്പയിൻ. വെള്ളി, ശനി ദിവസങ്ങളിൽ മാത്രം 3506 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ലൈസൻസ് കാലാവധി അവസാനിച്ചതും സുരക്ഷാസംവിധാനങ്ങൾ പ്രവർത്തിക്കാത്തതുമായ നിരവധി വാഹനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് 10 പേരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ 10 പേരും പ്രായപൂർത്തിയാകാത്തവരാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത 49 വർക് ഷോപ്പുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. അലക്ഷ്യമായി പാർക്ക് ചെയ്ത നൂറിലേറെ കാറുകളിൽ സ്റ്റിക്കർ പതിച്ചു. 42 ഗാരേജുകളിലേക്കുള്ള വൈദ്യുതിബന്ധം ജലം വൈദ്യുതി മന്ത്രാലയം വിച്ഛേദിച്ചിട്ടുമുണ്ട്. സമാന്തരമായി പൊതു സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലും താമസരേഖകൾ ഇല്ലാത്ത നിരവധി വിദേശികൾ പിടിയിലായിട്ടുണ്ട്.