പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ എസ്ഡിപിഐ സിപിഎം ബന്ധത്തെ പരസ്യമായി എതിർത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി അച്ചടക്ക നടപടി. താഴെ വെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി.ആർ. ജോൺസണെയാണ് സിപിഎം സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
സംസ്ഥാന കമ്മിറ്റിയംഗം ആർ.ഉണ്ണിക്കൃഷ്ണപിള്ള, പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ടി.സക്കീർ ഹുസൈൻ, ഏരിയ കമ്മിറ്റിയംഗം കെ.അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് വി.ആർ. ജോൺസണെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുക എന്ന സാങ്കേതികത മാത്രമാണ് സസ്പെൻഷൻ ഔദ്യോഗികമാകാൻ ഇനി ബാക്കിയുള്ള നടപടി.
എസ്ഡിപിഐയുമായി ചേർന്നു നഗരസഭ യിൽ ഭരണം പിടിക്കാൻ സിപിഎം ശ്രമം തുടങ്ങിയപ്പോൾ മുതൽ ജോൺസൺ എതിർത്തിരുന്നു. പാർട്ടി നയത്തിനു വിരുദ്ധമായ നീക്കം നഗരസഭയിൽ നടക്കുന്നെന്ന ആരോപണം സിപിഎം വേദികളിലും സാമൂഹിക മാധ്യമങ്ങളിലും ജോൺസൺ ഉന്നയിച്ചു. ഇതിനെതിരെ എസ്ഡിപിഐയും രംഗത്തു വന്നിരുന്നു.
വിഷയത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ ജോൺസൺ തെറ്റുകാരനെന്ന് കണ്ടെത്തി. പാർട്ടി സമ്മേളനങ്ങൾ ക്കു ശേഷം നടപടിയാകാം എന്നായിരുന്നു തീരുമാനം. അതാണ് ഇപ്പോൾ നിലവിൽ വരുന്നത്. ജില്ലാ കമ്മറ്റി അംഗീകരിക്കുക കൂടി ചെയ്താൽ സസ്പെൻഷൻ പ്രാബല്യത്തിൽ വരും.