കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിനേഷൻ പോർട്ടൽ വഴി സ്ലോട്ട് ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം പൂർത്തിയായ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ ലിങ്കിനായി പ്രത്യേക ക്യൂ.ആർ കോഡും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഈ കോഡ് സ്കാൻ ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്യാം. മുൻഗണന വിഭാഗത്തിൽപെടുന്നവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നമുറക്കാണ് മറ്റുള്ളവർക്ക് സ്ലോട്ട് അനുവദിച്ചുതുടങ്ങുക. 60 വയസ്സിന് മുകളിലുള്ളവർ, ശരീരത്തിന്റെ പ്രതിരോധശേഷി കുറക്കുന്ന രോഗങ്ങളുള്ളവർ, മുൻനിര ആരോഗ്യപ്രവർത്തകർ എന്നിവരാണ് മുൻഗണന പട്ടികയിലുള്ളത്. ഫൈസർ ബയോൺടെക് വാക്സിനാണ് മൂന്നാം ഡോസായി നൽകുന്നത്. വാക്സിൻ ലഭ്യത, മുൻഗണന എന്നിവ അടിസ്ഥാനമാക്കിയാകും 18 വയസ്സ് പൂർത്തിയായവർക്ക് സമയം അനുവദിക്കുകയെന്നും ആരോഗ്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.