മുംബൈ ∙ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ താൻ ലഹരിമരുന്ന് ഉപയോഗിച്ചെന്നു സമ്മതിച്ചതായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ സാക്ഷി റിപ്പോർട്ടിൽ (പഞ്ച്നാമ) പറയുന്നു.ലഹരി കൈവശം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ഉവ്വ്’ എന്ന് ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ് മറുപടി നൽകുകയും ഷൂസിനുള്ളിൽ നിന്നുചരസ് പുറത്തെടുത്തു കൈമാറുകയും ചെയ്തെന്നാണു റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് ആര്യനോടു ചോദിച്ചപ്പോൾ ചരസ് ഉപയോഗിച്ചിട്ടുണ്ടെന്നു സമ്മതിച്ചു.
അർബാസിന്റെ കയ്യിലുണ്ടായിരുന്ന ലഹരി ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായും പറഞ്ഞു. 6 ഗ്രാം ചരസാണു കണ്ടെടുത്തത്. 5 സാക്ഷികളുടെ സാന്നിധ്യത്തിൽ ശേഖരിക്കുന്ന മൊഴികളുടെ രേഖയാണു പഞ്ച്നാമ റിപ്പോർട്ട്. ഏകദേശം മഹസറിനു തുല്യം.അതിനിടെ, പിടികൂടിയവരിൽ ബിജെപി നേതാവിന്റെ ബന്ധു ഋഷഭ് സച്ദേവ് ഉൾപ്പെടെ 3 പേരെ വിട്ടയച്ചെന്ന് എൻസിപി ആരോപിച്ചു. ചിലരെ കെണിയിൽപെടുത്താനായി റെയ്ഡ് ആസൂത്രണം ചെയ്തതാണെന്നും കുറ്റപ്പെടുത്തി. കേസിൽ പങ്കില്ലാത്തതിനാലാണ് ഇവരെ വിട്ടയച്ചതെന്നാണ് എൻസിബിയുടെ മറുപടി.ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയതിനെ തുടർന്ന് ആര്യന്റെ അഭിഭാഷകൻ സെഷൻസ് കോടതിയെ സമീപിച്ചു. അറസ്റ്റിലായ 7 പേർക്കൊപ്പം ആര്യൻ ഇപ്പോൾ ജയിലിലാണ്.