കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ് (KSRTC Complex) നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളെന്ന് വിജിലൻസ് (vigilance ) കണ്ടെത്തൽ. സ്ട്രക്ടച്ചറൽ ഡിസൈൻ പാളിയെന്നും രണ്ട് നിലകൾക്ക് ബലക്കുറവും ചോർച്ചയുമുണ്ടെന്നുമാണ് വിജിലൻസിൻ്റെ റിപ്പോർട്ട്. ഡിസൈനറെ പ്രതി ചേർത്ത് കേസെടുക്കാൻ ശുപാർശ ചെയ്യും. റിപ്പോർട്ട് ഈ മാസം വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.അതേ സമയം കെട്ടിടം ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെടിഡിഎഫ്സി ഉറപ്പ് നല്‍കിയതായാണ് കെട്ടിടത്തിന്റെ ചുമതലയുളള അലിഫ് ബില്‍ഡേഴ്സ് പറുന്നത്. കെട്ടിടം ഏറ്റെടുക്കുമ്പോള്‍ തകരാറിനെക്കുറിച്ചോ ചെന്നൈ ഐഐടി നടത്തുന്ന പരിശോധനയെക്കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നാണ് അലിഫ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ മൊയ്തീൻ കോയ പറയുന്നത്.കെട്ടിടത്തിന്റെ ഇരുഭാഗങ്ങളിലും വെളളം ഇറങ്ങുന്ന പ്രശ്നം കെടിഡിഎഫ്സിയെ അറിയിച്ചിരുന്നുവെന്നും ഇവർ പറയുന്നു. 30 വര്‍ഷത്തെ നടത്തിപ്പിനായി 26 കോടി രൂപ അലിഫ് ബിൽഡേഴ്സ് കെടിഡിഎഫ്സിയിലേക്ക് അടച്ചിട്ടുണ്ട്. കെട്ടിടം ബലപ്പെടുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാനാവശ്യമായ സമയം കരാറില്‍ നീട്ടി നല്‍കുമെന്ന് കെടിഡിഎഫ്സി അറിയിച്ചതായും അലിഫ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന് കോയ പറഞ്ഞു.