ന്യൂഡൽഹി: ലഖിംപുരിൽ കർഷകരെ വാഹനംകയറ്റിക്കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജുഡീഷൽ കസ്റ്റഡിയിൽ. കോടതിയിൽ ഹാജരാക്കിയ ആശിഷ് മിശ്രയെ രണ്ട് ദിവസത്തേക്കാണ് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെ രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ഗൂഢാലോചനയടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്.
ആദ്യത്തെ നോട്ടീസിൽ ഹാജരാകാതെ മുങ്ങിയ ആശിഷ് മിശ്രയ്ക്ക് രണ്ടാമതും നോട്ടീസ് അയച്ചതിനെത്തുടർന്നാണ് ഇന്നലെ ഹാജരായത്. സംഭവവുമായി ബ ന്ധപ്പെട്ട രണ്ടു പേരുടെ അറസ്റ്റിനു ശേഷമാണു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആശിഷിനു പോലീസ് നോട്ടീസ് നൽകിയത്. സംഭവത്തിൽ ഇടപെട്ട സുപ്രീംകോടതി, യുപി പോലീസിനോട് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നതു വൈകുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഉന്നത ർക്കും സാധാരണക്കാർക്കും നിയമം ഒരുപോലെയാണെന്നും കേസിൽ ഉന്നതർ ആരൊക്കെയുണ്ടെങ്കിലും നിയമം നടപ്പാക്കണമെന്നും സുപ്രീം കോടതി കർശന നി ർദേശം നൽകിയിരുന്നു.