ന്യൂഡൽഹി: ലഖിംപൂർ കർഷക കൊലപാതകത്തിൽ പ്രതിയായ ആശിഷ് മിശ്രക്ക് പിന്തുണ നൽകുന്ന പിതാവായ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൗനവ്രത പ്രക്ഷോഭം നടത്തും. തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുമ്പിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത പ്രക്ഷോഭം നടത്തുക.
മുതിർന്ന നേതാക്കളും എം.പിമാരും എം.എൽ.എമാരും പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അറിയിച്ചു.
അതേസമയം, അഞ്ചിന സമരപരിപാടികളുമായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം. കർഷകകൊലയിൽ കുറ്റാരോപിതരായ കേന്ദ്രമന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കണമെന്നും മകൻ ആശിഷിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മോദി-യോഗി സർക്കാരുകളെ ലക്ഷ്യമിട്ട് കർഷകരുടെ സമരം ശക്തമാക്കുന്നത്.
ചൊവ്വാഴ്ച കർഷക രക്തസാക്ഷിത്വദിനമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ ഈ ദിവസം ലഖിംപൂർഖേരിയിലെത്തി പ്രതിഷേധത്തിന്റെ ഭാഗമാകും. 15ന് ദസറദിനത്തില് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കോലം കത്തിക്കും.
18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയാനും പദ്ധതിയുണ്ട്. ബിജെപിയുടെ കർഷകദ്രോഹ നയങ്ങളെക്കുറിച്ച് ദേശവ്യാപകമായി പ്രതിഷേധമുയർത്തുകയാണ് ഇതുവഴി കിസാൻ മോർച്ച ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിൽ സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു.