ന്യൂഡല്‍ഹി: ലഖിംപൂരില്‍ (Lakhimpur) നാലുകര്‍ഷകരുള്‍പ്പെടെ 9 പേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ (Asish Mishra) ചോദ്യം ചെയ്യൽ 8 മണിക്കൂർ പിന്നിട്ടു. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് (Crime Branch) ചോദ്യം ചെയ്യൽ നടക്കുന്നത്.
സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവർത്തിക്കുന്നത്. അന്നേദിവസം ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്രയുടെ വെളിപ്പെടുത്തല്‍.
രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. ഇന്ന് അറസ്റ്റുണ്ടായാല്‍ പ്രതിഷേധ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ഗൂഢാലോചനയടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ഗാന്ധി (Priyanka Gandhi) അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപൂർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും.
അതിനിടെ കര്‍ഷകര്‍ക്കൊപ്പം ലഖിംപൂരില്‍ ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകരുടെ മരണം കൊലപാതകമായി കാണാന്‍ കഴിയില്ലെന്ന് ടികായത്ത് പറഞ്ഞു. കര്‍ഷകരുടെ കൊലപാതകത്തിന് ശേഷമുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു.