യു എ ഇയിലെ എയർലൈൻ മേഖലയിൽ തൊഴിൽ സാധ്യത വർധിക്കുന്നു. നൂറുകണക്കിന് ഒഴിവുകളാണ് വിമാനകമ്പനികൾ ദിവസങ്ങൾക്കകം പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പ്രതിദിന കണക്കുകൾ കുറയുന്നതും സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം എമിറേറ്റ്സ് ഗ്രൂപ്പ് 3600 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി ഒഴിവുകളാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. ദുബൈയിലെ ഹബ്ബിലേക്കായിരുന്നു നിയമനങ്ങൾ മുഴുവൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇതിൽ അവസരമുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഇത്തിഹാദ് എയർലൈൻസും നൂറുകണക്കിന് ഒഴിവുകളിൽ നിയമനം നടക്കുന്നതായി അറിയിച്ചു.
ആയിരം ഒഴിവുകളിലേക്ക് യു എ ഇ, ഈജിപ്ത്, ലബനാൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലന്റ് എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുമെന്നാണ് ഇത്തിഹാദ് അറിയിച്ചത്. യു എ ഇയിലെ ഒരു വിമാനകമ്പനിക്കായി ഈ മാസം 11 ന് ബർദുബൈയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് റിക്രൂട്ടിങ് കമ്പനിയായ അഡെക്കോ അറിയിച്ചിട്ടുണ്ട്. ബർദുബൈ ഹോളിഡേ ഇൻ ഹോട്ടലിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ഇന്റർവ്യൂ നടക്കും. 500 ലധികം ഒഴിവുകളിലേക്കാണ് നിയമനമെന്നും അയ്യായിരം ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണവിധേയമായതോടെ ഗൾഫ് മേഖലയിൽ ടൂറിസവും എയർലൈൻ മേഖലയും പുതിയ ഉണർവ് നേടുന്നതിന്റെ സൂചനകളാണ് ഈ നിയമനങ്ങൾ എന്ന് വിലയിരുത്തുന്നു