ഇന്നത്ത സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണു ഡയബറ്റിസ്. ഓരോ വ്യക്തിയുടെയും അലക്ഷ്യമായ ജീവിത ശൈലിയും ഭക്ഷണക്രമവും അതിന്റെ ഭീകരത കൂട്ടുന്നു. ഒരിക്കല്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതാവസാനം വരെ മരുന്നു കഴിക്കേണ്ട അസുഖം. ഇപ്പോഴും ഒരു മാതിരിപ്പെട്ടവരുടെയെല്ലാം മനസില്‍ പ്രമേഹത്തെകുറിച്ചുളള ധാരണ ചികിത്സിച്ചു പൂര്‍ണമായും മാറ്റാന്‍ കഴിയാത്ത അസുഖമെന്നു തന്നെയാണ്. പക്ഷേ പ്രമേഹവും ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നതാണ് സത്യം. മെറ്റാബോളിക് ശസ്ത്രക്രിയയിലൂടെ പ്രമേഹം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാം. കുട്ടികളെന്നോ മുതിര്‍ന്നവരോ എന്നില്ലാതെ ആര്‍ക്കു വേണമെങ്കിലും പ്രമേഹം ബാധിക്കാം. എന്നാല്‍ ദിവസേനയുള്ള ഭക്ഷണനിയന്ത്രണവും വ്യായാമവുമുണ്ടെങ്കില്‍ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതേയുള്ളു.
ഓരോ ഭക്ഷണപദാര്‍ഥത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ഉയര്‍ത്താനുള്ള ശേഷിയെയാണു ഗ്ലൈസീമിക് ഇന്‍ഡക്സ് അഥവാ ജിഐ എന്നു പറയുന്നത്. ജിഐ കുറഞ്ഞ പദാര്‍ഥങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറച്ചു മാത്രമേ വര്‍ധിപ്പിക്കൂ. റവ, മൈദ പോലുള്ള സംസ്കരിച്ച ധാന്യങ്ങളില്‍ ജിഐ കൂടുമെന്നതിനാല്‍ കുറച്ചു മാത്രം ഉപയോഗിക്കുക. ചോറാണ് അന്നജത്തിന്റെ പ്രധാന ഉറവിടം. ചോറ് പൂര്‍ണമായും ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ അളവു കുറച്ചാല്‍ മതി. വെള്ളച്ചോറിനെക്കാള് തവിട് നീക്കാത്ത കുത്തരിയാണ് ഉത്തമം.
നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാന്‍ സഹായിക്കും. തവിടു നീക്കാത്ത ധാന്യങ്ങള്‍, ഓട്സ്, നുറുക്ക് ഗോതമ്പ്, ഗോതമ്പ് പൊടി, കൂവരവ്, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികള്‍, സാലഡ് എന്നിവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി, ഒരുകപ്പ് കൂവരക് പൊടി ഇങ്ങനെ മിക്സ് ചെയ്ത് ഉപയോഗിച്ചാല്‍ നാരിന്റെ അളവു കൂട്ടാം.
ഡയബറ്റിസ് ഉള്ളവര്‍ രാത്രിയില്‍ കഞ്ഞി (അരി, ഗോതമ്പ്) ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, കഞ്ഞിക്കു ഗ്ലൈസീമിക് ഇന്‍ഡക്സ് കൂടുതലാണ്. കൂടാതെ ഇതിന്റെ ദഹനവും വേഗത്തിലാണു സംഭവിക്കുന്നത്. ചപ്പാത്തി എത്ര വേണമെങ്കിലും കഴിക്കാമെന്ന ധാരണ തെറ്റാണ്. കാരണം ഒരു കപ്പ് ചോറിനും രണ്ടു ചപ്പാത്തിക്കും ഒരേ ഊര്‍ജമാണു ലഭിക്കുന്നത്. പൊറോട്ട, മൈദ, ആട്ട മാവ് എന്നിവയില്‍ നാരിന്റെ അംശം കുറവായതിനാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
അമിതമായ മാംസാഹാരം ശരീരത്തിലെ കൊഴുപ്പിന്റെ അളവു കൂട്ടാം. ബീഫ്, മട്ടണ്‍, പോര്‍ക്ക്, മുട്ടയുടെ മഞ്ഞ, എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ചെറിയ മത്സ്യങ്ങള്‍, പാടനീക്കിയ പാല്, മുട്ടയുടെ വെള്ള, തൊലി നീക്കിയ കോഴിയിറച്ചി എന്നിവയാണു പ്രമേഹ രോഗികള്‍ക്കു നല്ലത്. പഴങ്ങള്‍ മധുരമുള്ളവയാണെങ്കിലും പ്രമേഹമുള്ളവര്‍ അതു പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. മധുരം കുറഞ്ഞ പഴങ്ങളായ ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക, പപ്പായ (അധികം പഴുക്കാത്തത്), പാളയന്കോടന് പഴം എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ദിവസവും ഉപയോഗിക്കാവുന്നതാണ്. പ്രധാന ഭക്ഷണത്തോടൊപ്പമോ അതിനു ശേഷമോ പഴങ്ങള്‍ കഴിക്കാതിരിക്കുക. കാരണം ശരീരത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്നു വര്‍ധിക്കും. പഴങ്ങള്‍ ജ്യൂസാക്കുന്നതിനെക്കാള് അതു മുഴുവനായി കഴിക്കുന്നതാണു നല്ലത്. അപ്പോള്‍ നാരിന്റെ അംശം നഷ്ടപ്പെടില്ല.
പ്രോട്ടീന്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്കു വളരെ പ്രധാനപ്പെട്ടതാണ്. ദിവസവുമുള്ള ഭക്ഷണക്രമത്തില്‍ പയര്‍, കടല, സോയാബീന്‍സ്, മുതിര, വന്‍പയര്‍, ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഉള്‍പ്പെടുത്തുക. വായുവിന്റെ പ്രശ്നമുള്ളവര്‍ പയറുവര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. നിത്യേനയുള്ള ഉപയോഗത്തിനായി പലതരം സസ്യഎണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. (ഒലിവ് എണ്ണ, തവിട് എണ്ണ, സൂര്യകാന്തി എണ്ണ). അപകടകരമായ പൂരിത കൊഴുപ്പടങ്ങിയിരിക്കുന്ന വെണ്ണ, ഡാള്‍ഡ, പാം ഓയില്‍ എന്നിവ കഴിവതും ഒഴിവാക്കുക, കപ്പലണ്ടി, ബദാം, കശുവണ്ടി, ബദാം, പിസ്ത എന്നിവയില്‍ ഏറ്റവും നല്ലത് ബദാമാണ്. കാരണം ഇതില്‍ അപൂരിത കൊഴുപ്പിന്റെ അളവു കൂടുതലാണ്. കൂടാതെ നാരുകളും ഉണ്ട്.
പ്രമേഹമുള്ളവരില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണു ഹൈപ്പോഗ്ലൈസീമിയ (ഷുഗര്‍ നില നോര്മലില് നിന്നും താഴേക്കു പോകുന്ന അവസ്ഥ). മരുന്നു കഴിക്കുന്നവരില്‍ തെറ്റായ ആഹാര രീതികൊണ്ട് ഇതു സംഭവിക്കാ.ം അതിനാല്‍ ഒരു പ്രമേഹ രോഗിയും വിശന്നിരിക്കരുത്. മൂന്നുതവണ ആഹാരം കഴിക്കുന്നതിനെക്കാള്‍ ഇടവിട്ടു ചെറിയ അളവിലുള്ള ഭക്ഷണരീതിയാണു നല്ലത്. ഇതു ശരീരത്തില്‍ പെട്ടെന്നു ഗ്ലൂക്കോസിന്റെ നില ഉയര്‍ത്താന്‍ നോക്കും.
നാം ഭക്ഷണത്തോടൊപ്പം പ്രാധാന്യം നല്‍കേണ്ട മറ്റൊന്നാണു വ്യായാമം. ദിവസവും 3045 മിനിറ്റ് വ്യായാമം ചെയ്യുക. വ്യായാമം വഴി ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുകയും പേശികള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുക വഴി പ്രമേഹം നിയന്ത്രിതമാക്കുകയും ചെയ്യും. കൂടാതെ അമിതവണ്ണം കുറയ്ക്കാനും വ്യായാമം ഉപകരിക്കും.