ചെങ്ങന്നൂർ : തൊഴിലാളികളെ പട്ടിണിക്കിടാൻ സമ്മതിക്കില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അറിയിച്ച് സംയുക്ത ട്രേഡ് യൂണിയൻ. ചെറിയനാട് എൻഎഫ്എസ്എ ഗോഡൗണില്‍ 27 തൊഴിലാളികളാണ് തൊഴില്‍ ചെയ്യുന്നത്. ഇവർ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ് എന്നീ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളാണ്.
അതില്‍ 23 പേര് കഴിഞ്ഞ 4 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്നവരും മഹീ കാര്‍ഡ് ഉള്ളവരും 4 പേര് കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ളവരുമാണ്. കഴിഞ്ഞ 4 വര്‍ഷത്തോളമായി ചെങ്ങന്നൂര്‍ താലൂക്കിലെ 130 ഓളം റേഷന്‍കടകളില്‍ കൃത്യമായി സാധനങ്ങള്‍ എത്തിക്കുന്നത് ടി തൊഴിലാളികളാണ്. കഴിഞ്ഞ ആഗസ്റ്റ് മാസം 1-ാം തീയതി വരെയും നിലവിലുണ്ടായിരുന്ന കോണ്‍ട്രാക്ടറുടെ വാഹനത്തില്‍ ടി തൊഴിലാളികളാണ് വാതില്‍പ്പടി വിതരണം നടത്തിക്കൊണ്ടിരുന്നത്. ആഗസ്റ്റ് 2 മുതല്‍ പുതിയ കോണ്ട്രാക്ടര് പുറത്ത് നിന്നുള്ള ലേബര്‍ കാര്‍ഡ് ഇല്ലാത്ത ഒരുപറ്റം തൊഴിലാളികളുമായി തൊഴില്‍ ചെയ്യാനെത്തുന്നത് എന്ന് ട്രേഡ് യൂണിയൻ പറയുന്നു.
ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡിന്റെ പദ്ധതി പ്രദേശമായി ചെങ്ങന്നൂര്‍ താലൂക്കില്‍ സപ്ലൈകോ ഇത്തരത്തില്‍ ഒരു കോണ്ട്രാക്റ്റ് ഒപ്പുവെച്ചത് ക്ഷേമനിധി ബോര്‍ഡ് അറിഞ്ഞിട്ടില്ല. വാതില്‍പ്പടി വിതരണം അന്ന് തടസ്സപ്പെട്ട സാഹചര്യത്തില്‍ മന്ത്രി സജി ചെറിയാൻ്റെ സാന്നിദ്ധ്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ പുതിയതായി 4 തൊഴിലാളികളെ കൂടി എടുക്കുവാനും കോണ്‍ട്രാക്ടറുമായി ചര്‍ച്ച ചെയ്തു സമവായം ഉണ്ടാക്കുവാനും തീരുമാനമായി. അതനുസരിച്ച് കോണ്‍ട്രാക്ടറും ട്രേഡ് യൂണിയന് പ്രതിനിധികളും ഹരിപ്പാട് കോണ്‍ട്രാക്ടറുടെ വീട്ടില്‍വെച്ച് നടന്ന ചര്‍ച്ചയില്‍ ചില തീരുമാനങ്ങള്‍ എടുത്തു.
നിലവിലുള്ള ബോര്‍ഡ് തൊഴിലാളികള്‍ തന്നെ വാതില്‍പ്പടി വിതരണം നടത്തണം. ഗവണ്മെന്റ് പറയുന്ന കൃത്യസമയത്ത് തന്നെ വാതില്‍പ്പടി വിതരണം പൂര്‍ത്തിയാക്കണം. വാതില്‍പ്പടി വിതരണത്തിന്റെ കൂലി തൊഴിലാളികള്‍ക്ക് കോണ്ട്രാക്ടര് നേരിട്ട് കൊടുക്കും.
മേല്‍ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നാളിതുവരെ യാതൊരു കുഴപ്പമില്ലാതെ വിതരണം നടക്കുകയായിരുന്നുവെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇപ്പോള്‍ ആലപ്പുഴ സപ്ലൈകോ ആഫീസറുടെ പരാതിയിന്മേല് ജില്ലാ ലേബര്‍ ആഫീസറുടെ ഉത്തരവ് പ്രകാരം ഞങ്ങളുടെ തൊഴിലാളികള്‍ വാതില്‍പ്പടി വിതരണം നടത്തേണ്ടതില്ലെന്നും കോണ്ട്രാക്ടര് പുറത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവന്ന് തൊഴില്‍ ചെയ്യിപ്പിക്കണമെന്നും ജില്ലാ ലേബര്‍ ആഫീസറും സപ്ലൈകോ ഡിപ്പാര്‍ട്ട്മെന്റും നിര്‍ബന്ധം പിടിക്കുകയാണ്.
ഇന്നത്തെ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ വാതില്‍പ്പടി വിതരണം കൂടി ഉള്ളതുകൊണ്ടാണ് 27 തൊഴിലാളികള്‍ പ്രതിമാസം 15000 രൂപയില്‍ താഴെ തുക മാസവരുമാനമായി കിട്ടുന്നത്. പുതിയ തീരുമാനം ടി തൊഴിലാളികളുടെ വരുമാനം 6000 രൂപയായി കുറയ്ക്കുകയും കേന്ദ്രസര്‍ക്കാരിന്റെ അരി വരവ് അടുത്തമാസം നിലയ്ക്കുമ്പോള്‍ വീണ്ടും വരുമാനം കുറയുന്ന സ്ഥിതി ഉണ്ടാകുകയും തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യും. ഇപ്പോഴും ഗോഡൗണിലേക്ക് വരുന്ന അരി ഈ തൊഴിലാളികള്‍ ഇറക്കിവെക്കുന്ന കഴിഞ്ഞ 4 ദിവസം മുന്‍പ് റേഷന്‍ കടയിലേക്ക് കൊണ്ടുപോകാന്‍ ഒരു വാഹനത്തില്‍ കയറ്റിയ ലോഡ് കൊണ്ടുപോകാന്‍ ആരും തയ്യാറായിട്ടില്ല.
തൊഴിലാളികള്‍ ചരക്ക് നീക്കം തടസ്സപ്പെടുത്തി എന്ന പ്രചരണവും വാര്‍ത്തയും അടിസ്ഥാന രഹിതമാണെന്ന് ഇവർ പറഞ്ഞു. ആരും തടസ്സപ്പെടുത്തിയിട്ടില്ല. ഇത്രനാളും ചെങ്ങന്നൂര്‍ താലൂക്കിലെ റേഷന്‍ കടകളില്‍ ചരക്ക് എത്തിച്ചിരുന്ന ലേബര്‍ കാര്‍ഡുളള ക്ഷേമബോര്‍ഡ് അംഗങ്ങലായ തൊഴിലാളികളെ മാറ്റി ലേബര്‍ കാര്‍ഡില്ലാത്ത ഏതോ തൊഴിലാളികളെ കൊണ്ട് വന്ന് ഈ തൊഴില്‍ ചെയ്യിക്കാന്‍ ഉദ്യാഗസ്ഥരും കോണ്‍ട്രാക്ടറും നിര്‍ബന്ധം പിടിക്കുന്ന ദുരുദ്ദേശം അന്വേഷണ വിധേയമാക്കണം.
ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ആയതിനാല്‍ കഴിഞ്ഞ 4 വര്‍ഷമായി തൊഴിലാളികള്‍ ചെയ്തുവന്ന തൊഴില്‍ തുടരുന്നതിനും തല്‍സ്ഥിതി തുടരുന്നതിനും തൊഴില്‍ മേഖലയിലും തൊഴിലാളി കുടുംബങ്ങളിലും സമാധാനവും സംതൃപ്തിയും ഉണ്ടാകുന്നതിനും ഉള്ള ഇടപെടലും തീരുമാനങ്ങളും ഉണ്ടാകണമെന്ന് ബന്ധപ്പെട്ട കോണ്‍ട്രാക്ടറോടും ഉദ്യാഗസ്ഥരോടും സര്‍ക്കാരിനോടും ട്രേഡ് യൂണിയൻ അഭ്യര്‍ത്ഥിച്ചു.