ദോഹ: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാൻ തിടുക്കം കൂട്ടി പ്രവാസികൾ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രവണത ഓരോ ദിവസവും വർധിക്കുന്നതോടെ മനസ്സിൽ ലഡുപൊട്ടുന്നത് പ്രവാസികൾക്കാണ്.
ഖത്തർ റിയാൽ ഉൾപ്പെടെ ഗൾഫ് കറൻസികൾക്ക് വർഷത്തിനിടയിലെ ഏറ്റവും മികച്ച മൂല്യം ലഭിച്ചു തുടങ്ങിയതോടെ കിട്ടിയ അവസരം മുതലെടുത്ത് നാട്ടിലേക്ക് പണമയക്കാനുള്ള തിടുക്കത്തിലാണ് എല്ലാവരും. വെള്ളിയാഴ്ച ഖത്തർ റിയാലിന് 20.43 രൂപയായിരുന്നു വിനിമയ നിരക്ക്. ഓൺലൈൻ ബാങ്കിങ് ഉപയോഗിച്ചവർക്ക് 20.50ന് മുകളിൽ ലഭിച്ചു. ശനിയാഴ്ച റിയാലിന് 20.50 രൂപയാണ് വിനിമയ നിരക്ക്.
മാസം ആദ്യമായതിനാൽ പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയം കൂടിയാണ്. മൂല്യത്തിൽ കാര്യമായ വർധനവുണ്ടായതോടെ പ്രവാസികൾ കൂടുതൽ തുക നാട്ടിലേക്ക് അയക്കുന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവർ നൽകുന്ന സൂചന. രണ്ടാഴ്ച മുമ്പ് റിയാലിന് 20 രൂപയിൽ താഴെയായിരുന്നു വിനിമയ മൂല്യം.
രാജ്യാന്തര വിപണിയിൽ യു.എസ് ഡോളർ ശക്തി പ്രാപിക്കുന്നതും ക്രൂഡോയിൽ, സ്വർണ വില ഉയരുന്നതുമാണ് ഇന്ത്യ ഉൾപ്പെടെ തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കറൻസി മൂല്യം ഇടിയാൻ കാരണമായത്. ഈവർഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യൻ രൂപ എത്തിയിരിക്കുന്നത്. മുഴുവൻ ഗൾഫ് കറൻസികളുടെയും മൂല്യം കുത്തനെ ഉയർന്നിട്ടുണ്ട്. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് കാര്യമായും ഇത് ഉപയോഗപ്പെടുത്തുന്നത്. അവധി ദിവസം കൂടിയായതിനാൽ വെള്ളിയാഴ്ച ദോഹയിലെ എല്ലാ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.