ഷാരൂഖ്​ ഖാൻ അഭിനയിച്ച പരസ്യത്തിൻ്റെ സംപ്രേഷണം താൽക്കാലികമായി നിർത്തിവെച്ച്​ ബൈജൂസ്​ ആപ്പ്

ന്യൂഡൽഹി: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട്​ ആര്യൻ ഖാൻ അറസ്റ്റിലായതിന്​ പിന്നാലെ ഷാരൂഖ്​ ഖാൻ അഭിനയിക്കുന്ന പരസ്യത്തിൻ്റെ സംപ്രേഷണം താൽകാലികമായി പിൻവലിച്ച്​ ബൈജൂസ്​ ആപ്​. 

കഴിഞ്ഞദിവസങ്ങളിൽ ഷാരൂഖ്​ ഖാൻ അഭിനയിച്ച ബൈജൂസ്​ ആപിന്‍റെ പരസ്യങ്ങൾ നിർത്തിവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ​ചെയ്തിരുന്നു. ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രതി​ഷേധം ഉയർന്നതോടെയാണ്​ പരസ്യത്തിന്‍റെ സംപ്രേഷണം നിർത്തിവെച്ചതെന്നാണ്​ വിവരം.

ബൈജൂസ്​ ആപിന്‍റെ കേരളത്തിന്​ പുറത്തുള്ള ബ്രാൻഡ്​ അംബാസിഡറാണ്​ ഷാരൂഖ്​ ഖാൻ. ഷാരൂഖിന്‍റെ വൻ സ്​പോൺസർഷിപ്പ്​ ഡീലുകളിലൊന്നാണ്​ ബൈജൂസ്​ ആപ്പുമായുള്ളത്​. കൂടാതെ ഹ്യൂണ്ടായ്​, എൽ.ജി, ദുബൈ ടൂറിസം, ഐ.സി.ഐ.സി.ഐ, റിലയൻസ്​ ജിയോ എന്നിവയെയും ഷാരൂഖ്​ ഖാൻ പ്രതിനിധീകരിക്കുന്നു.

ഷാരൂഖ്​ ഖാന്‍റെ ബ്രാൻഡ്​ നിലനിർത്താൻ വർഷം മൂന്നുമുതൽ നാലുകോടി രൂപയാണ്​ ബൈജൂസ്​ നൽകുന്നത് എന്നാണ് റിപ്പോർട്ട്​. 2017 മുതലാണ്​ ഷാരൂഖ്​ ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനം ഏറ്റെടുക്കുന്നത്​. ആര്യൻ ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷാരൂഖ്​ ഖാനെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനത്തുനിന്ന്​ ഒഴിവാക്കുമോയെന്ന കാര്യം വ്യക്തമല്ല.