ഫഹദ് ഫാസിൽ തൻ്റെ ഇഷ്ടതാരമാണെന്ന് തെന്നിന്ത്യൻ നടൻ ശിവകാർത്തികേയൻ. ഏറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് താരം ഫഹദിനെ പരാമർശിച്ചത്. എം ആർ രാധ, വടിവേലു, രഘുവരൻ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടൻമാർ എന്നുപറഞ്ഞ ശിവകാർത്തികേയൻ ഫഹദ് ഫാസിൽ എന്ന നടനോടും തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്ന് പറഞ്ഞു.
‘ഫഹദിന്റെ കൂടെ ഞാൻ ഒരു സിനിമ ചെയ്തിട്ടുണ്ട്. അങ്ങനെ അഭിനയിക്കാൻ എനിക്ക് നാലായിരം വർഷം വേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഫഹദ് പെർഫോം ചെയ്യുമ്പോൾ കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. അദ്ദേഹം എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ശിവകാർത്തികേയൻ പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളെക്കുറിച്ചും താരം പ്രതിപാദിച്ചു.
ക്രിക്കറ്റ് താരം ആർ അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി ആർ എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു ശിവകാർത്തികേയൻറെ പ്രതികരണം. കുമ്പളങ്ങി നൈറ്റ്സ് ട്രാൻസ് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ടെന്ന് അശിവിനും അഭിമുഖത്തിൽ പറഞ്ഞു.