തിരുവനന്തപുരം: തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നതായി മോൻസൺ മാവുങ്കൽ. സംസ്കാര ചാനൽ വാങ്ങാൻ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊൻസൻ വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തൽ.
ചാനൽ ചെയർമാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുന്നത്. കേസിൽ കഴിഞ്ഞ ദിവസമാണ് മോൺസണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോന്‍സന്റെ സാമ്പത്തിക തട്ടിപ്പിൽ ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. സാമ്പത്തിക-ബാങ്ക് ഇടപാടുകളുടെ രേഖകൾ ആദായനികുതി അന്വേഷണ വിഭാഗം ശേഖരിച്ചു.