മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് റെയ്ഡിന് പിന്നാലെ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിക്ക് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ സമൻസ്. കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് എൻ.സി.ബി മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.
ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള ബാന്ദ്രയിലെ വീട്ടിലും ഓഫീസിലുമാണ് എൻസിബി റെയിഡ് നനടത്തിയിരുന്നു. മുംബൈ ആസ്ഥാനമായ പ്രമുഖ ബിൽഡറുടെ മകനായ ഖത്രിക്ക് ലഹരിമരുന്ന് കേസിൽ പങ്കുണ്ടെന്നാണ് എൻ.സി.ബിയുടെ നിഗമനം.
ബോളിവുഡിലെ നിരവധി താരങ്ങളുമായി ഖത്രിക്ക് അടുത്ത ബന്ധമുണ്ട്. നടൻ സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു.
കേസിൽ 18 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചൻറ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ജാമ്യഹർജി പരിഗണിക്കാനുള്ള അധികാരം മയക്കുമരുന്ന് കേസ് നടപടികൾക്കായുള്ള പ്രത്യേക എൻഡിപിഎസ് കോടതിക്കാണെന്ന അഡീഷനൽ സോളിസിറ്റർ ജനറലിൻറെ വാദം അംഗീകരിച്ചാണ് വിധി. ഇതോടെ ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും.