അനുശ്രീക്കൊപ്പം ‘മാലിക്കി’ലൂടെ ശ്രദ്ധേയനായ സനല്‍ അമനും മുഖ്യ വേഷങ്ങളിലെത്തുന്ന ‘താര’യുടെ ചിത്രീകരണം ആരംഭിച്ചു. ആൺ- പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെയും ചോദ്യം ചെയ്യുന്നു. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ ചിത്രം ‘തൊടുപ്പി’യിലൂടെ ശ്രദ്ധ നേടിയ സംവിധായകന് ദെസ്വിൻ പ്രേം ആണ് സംവിധാനം. ദെസ്വിന്റെ ആദ്യ മലയാള ചിത്രമാണിത്. നിരവധി പരസ്യചിത്രങ്ങളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സിനിമയെ ഇളക്കിമറിച്ച ‘രാക്ഷസൻ’ എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ‘ക്രിസ്റ്റഫറി’നെ അവതരിപ്പിച്ച നാൻ ശരവണനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശരവണന്റെയും ആദ്യ മലയാളചിത്രമാണിത്. ‘സിതാര’യെ അവതരിപ്പിക്കുന്നത് അനുശ്രീയും ‘ശിവ’യെ അവതരിപ്പിക്കുന്നത് സനല്‍ അമനുമാണ്. അനുശ്രീ ഇതുവരെ അവതരിപ്പിച്ചതില്‍ നിന്നൊക്കെ വ്യത്യസ്തതയുള്ള കഥാപാത്രമാണ് സിതാര. വിജിലേഷ്, ദിവ്യ ഗോപിനാഥ് എന്നിവരും അഭിനയിക്കുന്നു.
അന്റോണിയോ മോഷന്‍ പിക്ചേഴ്സ്, സമീര്‍ മൂവീസ് എന്നീ ബാനറുകളില്‍ സമീര്‍ പി എം ആണ് നിര്‍മ്മാണം. സംവിധായകന്റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു.