ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. അവസാന പന്തില്‍ സിക്സടിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്.
ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 78 റണ്‍സെടുത്ത ഭരതിന്റെയും 51 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലിന്റെയും മികവിലാണ് വിജയം നേടിയത്.
സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 164, ബാംഗ്ലൂര്‍ 20 ഓവറില്‍ മൂന്നിന് 166.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്കെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനായില്ല. ഓപ്പണര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയ ബാറ്റ്സ്മാന്മാര്ക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. 22 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറുടെ പ്രകടനമാണ് ടീം സ്കോര്‍ 160 കടത്തിയത്. ശ്രേയസ് അയ്യര്‍ (18), നായകന് ഋഷഭ് പന്ത് (10) എന്നിവര്‍ നിരാശപ്പെടുത്തി.
ബാംഗ്ലൂരിനുവേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയിച്ചെങ്കിലും ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.