നവരാത്രി നാളുകളിലെ ആഘോഷം ഓരോ നാടിനും വ്യത്യസ്തമാണെങ്കിലും ലോകം മുഴുനായി കാത്തിരിക്കുന്ന നവരാത്രി ആഘോഷം മൈസൂരിലേതാണ്. നാനൂറിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവും പ്രൗഢിയുമായി ആഘോഷിക്കുന്ന മൈസൂര്‍ ദസറ തിന്മയ്ക്കു മേലുള്ള സത്യം നേടിയ വിജയത്തിന്റെ ആഘോഷമാണ്.
കര്‍ണ്ണാടകയുടെ സംസ്ഥാന ആഘോഷമാണ് മൈസൂര്‍ ദസറ. മൈസൂർ രാജകുടുംബത്തിനൊപ്പം ഇവിടുത്തെ ജനങ്ങള്‍ ഇത് ആഘോഷിക്കുന്നതിനാല്‍ നടഹബ്ബ എന്നാണീ ആഘോഷങ്ങളെ വിളിക്കുന്നത്.അലങ്കരിച്ച വൈദ്യുത ദീപങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന നഗരവും ഉറങ്ങാത്ത രാവുകളും കാഴ്ചകള്‍ തേടിയെത്തുന്ന സഞ്ചാരികളുമാണ് ഓരോ ദസറയ്ക്കും കരുത്തും ജീവനുമേകുന്നത്. ദസറ ആഘോഷവേളയിൽ പ്രകാശമാനമായ മൈസൂർ കൊട്ടാരം ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.
മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി കൊവിഡ് സാഹചര്യത്തില്‍ നടക്കുന്ന ദസറ ആഘോഷങ്ങള്‍ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങള്‍ പരിഗണിച്ചാണ് നടത്തുന്നത്. പരമ്പരാഗതവും ലളിതവുമായ രീതിയിൽ ആണ് ഇത്തവണത്തെ ദസറ ആഘോഷങ്ങള്‍. നിങ്ങൾ ജീവിതകാലം മുഴുവൻ ആസ്വദിക്കുന്ന ഏറ്റവും അവിസ്മരണീയമായ അനുഭവമായിരിക്കും ഓരോ ദസറയും നല്കുക. ആവര്‍ഷത്തെ ദസറ ഒക്ടോബർ 7 -ന് ആരംഭിച്ച് 15 -ഓടെ അവസാനിക്കും.വൈവിധ്യവും വര്‍ണ്ണാഭവുമായ ഒരുപിടി ആഘോഷങ്ങളാണ് ഓരോ ദസറാക്കാലത്തെയും വ്യത്യസ്തമാക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ജംബു സവാരി. ജംബു സവാരി അല്ലെങ്കിൽ ആന ഘോഷയാത്രയില്‍ പരിശീലനം ലഭിച്ച 12 ആനകളെ വർണ്ണാഭമായ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാം. അതില്‍ ഒരു ആന സ്വർണ്ണ മണ്ഡപത്തിന് മുകളിൽ ചാമുണ്ഡേശ്വരിയുടെ വിഗ്രഹം വഹിക്കുന്നു.മൈസൂർ കൊട്ടാരത്തിൽ നിന്ന് ബന്നിമന്തപ്പിലേക്ക് ഉള്ള ഘോഷയാത്രയാണിത്. ഘോഷയാത്രയിലുടനീളം പരമ്പരാഗത നൃത്തങ്ങൾ, സംഗീതങ്ങൾ, വാളുകളുടെ പ്രദർശനങ്ങൾ എന്നിവ പോലുള്ള പ്രകടനങ്ങൾ കാണാൻ കഴിയും. ഈ വര്‍ഷത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് 8 ആനകളാണ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്.
ജംബു സവാരിയി അവസാനിച്ച ശേഷം ആദ്യം ആരംഭിക്കുന്നതാണ് ടോർച്ച് ലൈറ്റ് പരേഡ്. സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രത്തിലേക്കുള്ല കാഴ്ചയാണ് ടോർച്ച് ലൈറ്റ് പരേഡ് ഒരുക്കുന്നത്. വെടിക്കെട്ടുകള്‍, ബൈക്ക് ഷോകൾ, സാംസ്കാരിക പരിപാടികൾ, ലേസർ ഷോകൾ എന്നിവ ഇതിന്റെ ഭാഗമാണ്.വൈദ്യുത ബള്‍ബുകളാല്‍ അലങ്കരിച്ച മൈസൂര്‍ പാലസ് ആണ് ദസറ കാലത്തെ ഏറ്റവും മനോഹരമായ കാഴ്ച. ആഘോഷങ്ങൾ നടക്കുന്ന 10 ദിവസവും ഇവിടെ കൊട്ടാരം മുഴുവനും ഏകദേശം ഒരു ലക്ഷം ബൾബ് ഉപയോഗിച്ച് അലങ്കരിക്കും. വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി ദീപപ്രഭയില്‍ തെളിഞ്ഞു നില്‍ക്കുന്ന കൊട്ടാരത്തിന്‍റെ കാഴ്ച ആസ്വദിക്കാം.ദസറാക്കാലത്തെ മറ്റൊരു ആകര്‍ഷണം ഇവിടെ ദൊഡ്ഡകെരെ മൈതാനത്ത് നടക്കുന്ന ണ്‍ക്സിബിഷന്‍ ആണ്. ദസറയിൽ തുടങ്ങുമെങ്കിലും ഡിസംബർ വരെ പ്രദര്‍ശനങ്ങള്‍ സജീവമായിരിക്കും. പ്രദർശനങ്ങൾ നഗരത്തിന്റെ സാംസ്കാരികവും മതപരവുമായ പാരമ്പര്യം ഏറ്റവും മനോഹരമായി പ്രദർശിപ്പിക്കുന്നു
മഹിഷാസുരന്‍ എന്ന ക്രൂരനായ അസുരന്ഡറെ മേല്‍ ചാമുണ്ഡേശ്വരി നേടിയ വിജയമാണ് ദസറയുടെ ഐതിഹ്യം.പോത്തിന്റെ തലയുള്ള മഹിഷാസുരൻ ഏറ്റവും ക്രൂരനായ അസുരനായിരുന്നുവത്രെ. ഇയാളെ ഭൂമിയുടെ രക്ഷയ്ക്കായി ചാമുണ്ഡേശ്വരി കൊലപ്പെടുത്തി എന്നാണ് ഐതിഹ്യം പറയുന്നച്. അങ്ങനെ മഹിഷാസുരനെ വധിച്ച ഇടം എന്ന നിലയിലാണ് മൈസൂർ എന്ന പേരു വന്നത്. ദേവിയെ അവളുടെ യോദ്ധാവിന്റെ രൂപത്തിൽ ആദരിക്കുന്നതിനാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.ദസറ ആഘോഷങ്ങള്‍ക്കായി മൈസൂരിലെത്തുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മൈസൂർ ദസറ ഫ്ലവർ ഷോ.നിഷാദ് ഭാഗിലോ കുപ്പണ്ണ പാർക്കിലോ നടക്കുന്ന ഫ്ലവര്‍ ഷോയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൂച്ചെടികളുടെ മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.
പരമ്പരാഗത ദസറ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് ഗുസ്തി . ഈ ക്ലാസിക് കലയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന ആകർഷണമായാണ് ഗുസ്തിയെ ദസറയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുസ്തിക്കാർ ഇവിടെ മത്സരത്തിനായി എത്തുന്നു. ഒരു ഗുസ്തി മത്സരത്തിന് സാക്ഷ്യം വഹിക്കുന്നത് പലർക്കും ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ള അനുഭവമായിരിക്കും.